ശ്രീനഗര്‍: കൊടുംതണുപ്പില്‍ വിറച്ച് ജമ്മു കശ്മീരിന്‍റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗർ. സീസണിലെ ഏറ്റവും കുറവ് താപനിലയായ മൈനസ് 4.6 (-4.6°C) ഡിഗ്രി സെല്‍ഷ്യസ് ആണ് ശനിയാഴ്ച പുലർച്ചെ ശ്രീനഗറില്‍ രേഖപ്പെടുത്തിയത്.
എല്ലാ സ്റ്റേഷനുകളിലും പൂജ്യത്തിന് താഴെയുള്ള താപനില രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി (-2.4°C) ആയിരുന്നു താപനില. കാസിഗണ്ടിൽ (-4.6°C), ബരാമുള്ളയിലെ ഗുൽമാർഗിൽ (-4.2°C), പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ (-5.0°C), വടക്കൻ കശ്മീരിലെ കുപ്വാരയിൽ (-3.0°C) എന്നിങ്ങനെയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
ഡിസംബര്‍ 11 വരെ ഈ നില തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. പകല്‍ വരണ്ട കാലാവസ്ഥയ്ക്കാണ് സാധ്യത. രാത്രി താപനില വീണ്ടും താഴ്‌ന്നേക്കും. ഡിസംബര്‍ രണ്ടാംവാരത്തോടെ മഞ്ഞുവീഴ്ചയ്ക്കു സാധ്യതയുണ്ട്.