ന്യൂഡൽഹി: ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനിലൂടെ ഇനി ബുക്ക് ചെയ്ത് ഭക്ഷണം മാത്രമല്ല മദ്യവും വീട്ടിലെത്തും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്ക്കറ്റ് തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി മദ്യം ഡെലിവറിയും ആരംഭിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബിയർ, ബൈൻ പോലുള്ള കുറഞ്ഞ അളവിൽ മദ്യമടങ്ങിയവയാവും ആദ്യഘട്ടത്തിൽ ഡെലിവറി ചെയ്യുക. കേരളം, ഡൽഹി, കർണാടക, ഹരിയാണ, പഞ്ചാബ്, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിന്‍റെ ആദ്യഘട്ടം നടപ്പിലാക്കുമെന്നാണ് വ്യവസായ മേധാവികളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.നിലവിൽ പശ്ചിമ ബംഗാളിലും ഒഡിഷയിലും മദ്യം വീടുകളിലേക്ക് ഡെലിവറിക്ക് അനുമതിയുണ്ട്. സ്വിഗ്ഗിയും സ്പെൻസെഴ്സ് റീട്ടയിലുമാണ് പശ്ചിമ ബംഗാളിൽ മദ്യം ഡെലിവറി ചെയ്യുന്നുണ്ട്.
പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന ഗുണദോഷങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് അഭിപ്രായം തേടിയതായി റിപ്പോർട്ടുകളുണ്ട്. ഓൺലൈൻ വഴിയുള്ള മദ്യ വിൽപ്പന നടപ്പിലാക്കുമ്പോൾ സുരക്ഷ ഉറപ്പു വരുത്തുമെന്നും പ്രായപരിധി ഉറപ്പാക്കപ്പെടുമെന്നും സ്വിഗ്ഗി കോർപ്പറേറ്റ് അഫയേഴ്സ് വൈസ് പ്രസിഡന്‍റ് വക്താവ് ദിങ്കെർ വശിഷ്ഠ് പറഞ്ഞു.