ന്യൂഡൽഹി: യുഎപിഎ കേസിൽ ജയിലിൽ കഴിയുകയായിരുന്ന ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കണമെന്ന് സുപ്രീംകോടതി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
റിമാൻഡ് ഉത്തരവ് പുറപ്പെടുവിക്കും മുൻപ് പ്രബീറിനോ അഭിഭാഷകനോ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നിർദേശം. ഡല്‍ഹി പോലീസ് എടുത്ത യുഎപിഎ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബീര്‍ പുരകായസ്ത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് പ്രബീർ സുപ്രീംകോടതിയെ സമീപിച്ചത്.