2004 യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി

നിയമം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ അലഹാബാദ് ഹൈക്കോടതി നിയമം റദ്ദാക്കി
Supreme Court upheld UP Madarsa Education Act 2004
Supreme Courtfile
Updated on

ന്യൂഡല്‍ഹി: യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി. നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കോണ്ടാണ് സുപ്രീംകോടതി നിയമം ശരിവച്ചത്. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതി നിയമം റദ്ദാക്കിയത്. ഇതിനെ ചോദ്യം ചെയ്താണ് മദ്രസകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ഏതെങ്കിലും നിയമ നിർമാണത്തിൽ മതപരമായ കാരണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ ഉത്തര്‍പ്രദേശിലെ 13,000 ത്തോളം മദ്രസകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തത്തിക്കാന്‍ സാധിക്കും.

മദ്രസ വിദ്യാഭ്യാസത്തെ ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കി 2004ല്‍ മുലായം സിംഗ് സർക്കാരാണ് നിയമം കൊണ്ടുവന്നത്. ദ്രസകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നിനൊപ്പം നിയമപരമായ പരിരക്ഷയും നല്‍കുന്നതായിരുന്നു നിയമം. മദ്രസകളില്‍ അറബിക്, ഉറുദു, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളും ഇസ്ലാമിക പഠനങ്ങളും പാരമ്പര്യ വൈദ്യവും തത്വശാസ്ത്രവും പഠിപ്പിക്കാമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് 2024 ഏപ്രിലില്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്. മതവിദ്യാഭ്യാസം നല്‍കുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഈ വിധിയെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ വിവിധ ഹര്‍ജികള്‍ നല്‍കിയത്.

നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ച് ഹൈക്കോടതി വിധി ഏപ്രിലിൽ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ മാസം 22നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വാദം പൂര്‍ത്തിയാക്കിയത്. ഇതിനുപിന്നാലെയാണിപ്പോള്‍ അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ട് സുപ്രീം കോടതി നിര്‍ണായക വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി. പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്‍റേതാണ് നിര്‍ണായക വിധി.

Trending

No stories found.

Latest News

No stories found.