ന്യൂഡൽഹി: മണിപ്പുരിൽ രണ്ടു സ്ത്രീകളെ വിവസ്ത്രരാക്കി നടത്തിയ സംഭവം "ഭീകര'മെന്നു സുപ്രീം കോടതി. എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ തേടിയ കോടതി മണിപ്പുർ പൊലീസ് ഈ കേസ് അന്വേഷിക്കുന്നതിനോട് താത്പര്യമില്ലെന്നും വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വാദം പരിശോധിച്ചശേഷം മണിപ്പുർ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘമോ (എസ്ഐടി) റിട്ട. ജഡ്ജിമാർ ഉൾപ്പെട്ട കമ്മിറ്റിയോ രൂപീകരിക്കുമെന്നും പരമോന്നത കോടതി.
മണിപ്പുർ സംഘർഷം സംബന്ധിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച്. . മേയ് നാലിനുണ്ടായ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ എന്തുകൊണ്ടാണു 14 ദിവസമെടുത്തതെന്നു കോടതി ചോദിച്ചു. പൊലീസ് എന്താണു ചെയ്യുന്നത്? എഫ്ഐആർ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയത് ജൂൺ 24ന് മാത്രമാണ്. ആ സ്ത്രീകളെ ജനക്കൂട്ടത്തിനു കൈമാറിയത് പൊലീസ് ആണെന്നു മാധ്യമവാർത്തകൾ പറയുന്നു. അതേ പൊലീസിനെ അന്വേഷണം ഏൽപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല- ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
മറുപടി നൽകാൻ സാവകാശം വേണമെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി ആവശ്യപ്പെട്ടപ്പോൾ ഇപ്പോൾത്തന്നെ സമയം അതിക്രമിച്ചെന്നു കോടതി മറുപടി നൽകി. സംസ്ഥാനത്ത് സാന്ത്വനസ്പർശം അടിയന്തരമായി നൽകേണ്ടതുണ്ടെന്നും കോടതി.
ഇപ്പോൾ മണിപ്പുരിലെ കേസ് മാത്രം; മറ്റൊന്നും പരിഗണിക്കില്ല
മണിപ്പുരിൽ സ്ത്രീകൾക്കെതിരേയുണ്ടായതിനു സമാനമായി മറ്റു സംസ്ഥാനങ്ങളിലുണ്ടായ അതിക്രമങ്ങൾ ഇപ്പോൾ പരിഗണിക്കാനാവില്ലെന്നു സുപ്രീം കോടതി. പശ്ചിമ ബംഗാൾ, രാജസ്ഥാൻ, കേരളം തുടങ്ങി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന സംഭവങ്ങളുണ്ടായെന്നും ഇത്തരം ആക്രമണങ്ങൾ തടയാൻ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ സംവിധാനം വേണമെന്നും ആവശ്യപ്പെടുന്ന ഹർജിയിലാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ചിന്റെ മറുപടി.
രാജ്യത്തൊട്ടാകെ സ്ത്രീകൾക്കെതിരേ അതിക്രമം നടക്കുന്നുണ്ട്. അതു സാമൂഹിക യാഥാർഥ്യത്തിന്റെ ഭാഗമാണ്. സ്ത്രീകൾക്കെതിരേ ഇതുവരെയുണ്ടാകാത്ത തരത്തിലുള്ള ആക്രമണം നടന്നുവെന്നതാണു പരിഗണിക്കുന്നത്. മണിപ്പുരിലെ സാഹചര്യം വംശീയവും വർഗീയവുമായ സംഘർഷത്തിന്റേതാണ്. അതുകൊണ്ടുതന്നെ മറ്റുള്ളിടത്തും ഇങ്ങനെ സംഭവിച്ചു എന്നു പറയുന്നതിൽ കഥയില്ല. ഇവ താരതമ്യം ചെയ്യാനും പാടില്ല. യഥാർഥത്തിൽ നിങ്ങൾക്ക് മണിപ്പുർ വിഷയത്തിൽ ഞങ്ങളെ സഹായിക്കാനാകുമെങ്കിൽ അതു ചെയ്യുക- ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ സ്ഥാനാർഥിയെ വിവസ്ത്രയാക്കി നടത്തിയതും രാജസ്ഥാനിലും ഛത്തിസ്ഗഡിലും കേരളത്തിലും സ്ത്രീകൾക്കെതിരേയുണ്ടായ അതിക്രമങ്ങളും ചൂണ്ടിക്കാട്ടി അഭിഭാഷകയായ ബാംസുരി സ്വരാജാണ് കോടതിയെ സമീപിച്ചത്. മണിപ്പുരിലേതിനു സമാനമായ സംഭവങ്ങളാണ് ഇവിടങ്ങളിലുമുണ്ടായതെന്നും രാജ്യത്തിന്റെ പെൺമക്കൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ബാംസുരി പറഞ്ഞു.