ഹൈദരാബാദ്: തിരുപ്പതി ലഡ്ഡു വിവാദത്തെക്കുറിച്ചുളള ചോദ്യങ്ങളെ ചിരിച്ചുതള്ളിയതിനു നടൻ കാർത്തിയും സഹോദരൻ സൂര്യയും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിനോട് മാപ്പു പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈയിൽ ഒരു സിനിമയുമായി ബന്ധപ്പെട്ട ചടങ്ങിൽ കാർത്തിയാണ് ഇത്തരത്തിൽ പ്രതികരിച്ചത്.
ലഡ്ഡു വിവാദം വൈകാരികമാണെന്നും അതിവിടെ പറയേണ്ടെന്നും ചോദ്യത്തിന് മറുപടിയായി കാർത്തി ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു. ഇതിനോട് അതിരൂക്ഷമായാണു പവൻ കല്യാൺ പ്രതികരിച്ചത്. നടനെന്ന നിലയിൽ കാർത്തിയോടു ബഹുമാനമുണ്ടെങ്കിലും വിഷയത്തെ നിസാരവത്കരിച്ചതും തമാശയാക്കിയതും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ചലച്ചിത്ര മേഖലയിലുള്ളവർ ഒന്നെങ്കിൽ ഈ വിഷയത്തിൽ ശക്തമായ പോരാട്ടത്തിനു തയാറാകുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക. അനാവശ്യ പരാമർശം വേണ്ടെന്നും പവൻ കല്യാൺ.
ഇതോടെ, തന്‍റെ പരാമർശത്തിൽ ദുരുദ്ദേശ്യമില്ലെന്നും തെറ്റിദ്ധരിക്കപ്പെട്ടെന്നും കാർത്തി വിശദീകരിച്ചു. താനും വെങ്കടേശ്വര ഭഗവാന്‍റെ ഭക്തനാണെന്നും കാർത്തി. കാർത്തിയുടെ പരാമർശത്തിന് ക്ഷമ ചോദിക്കുന്നുവെന്നു സഹോദരൻ സൂര്യയും വ്യക്തമാക്കി. ഇതിനു പരിഹാരമായി താൻ മൂന്നു ദിവസത്തേക്ക് ദീക്ഷ സ്വീകരിക്കുകയാണെന്നും സൂര്യ.