നടൻ വിജയകാന്ത് അന്തരിച്ചു

വ്യാഴാഴ്ച രാവിലെയാണ് ആശുപത്രി അധികൃതർ വിജയകാന്തിന്‍റെ മരണം സ്ഥിരീകരിച്ചത്.
വിജയകാന്ത്
വിജയകാന്ത്
Updated on

ചെന്നൈ: തമിഴ് നടനും മുൻ പ്രതിപക്ഷ നേതാവും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതോടെ ഇന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ആശുപത്രി അധികൃതർ വിജയകാന്തിന്‍റെ മരണം സ്ഥിരീകരിച്ചത്.തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ താരം കുറച്ചു കാലമായി അസുഖങ്ങളുടെ പിടിയിലായിരുന്നു. രണ്ടു തവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. ഭാര്യ പ്രേമലത, മക്കൾ ഷൺമുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.

വിജയരാജ് അളഗർസ്വാമി എന്നായിരുന്നു വിജയകാന്തിന്‍റെ യഥാർഥ പേര്. 1952 ഓഗസ്റ്റ് 25ന് മധുരയിൽ കെ.എൻ അളഗർ സ്വാമിയും ആണ്ടാളിന്‍റെയും മകനായി ജനിച്ച വിജയകാന്ത് തമിഴ് സിനിമയിലൂടെയും പിന്നീട് രാഷ്ട്രീയത്തിലൂടെയും തമിഴ് മണ്ണിന്‍റെ മിടിപ്പായി മാറുകയായിരുന്നു. 1979ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ പ്രതിനായകനായാണ് വിജയകാന്തിന്‍റെ അരങ്ങേറ്റം. 1981ൽ സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രത്തിൽ നായകനായി. പിന്നീട് സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ സിനിമകളിലെ കഥാപാത്രത്തിലൂടെ അദ്ദേഹം തമിഴ് ജനതയുടെ ഹൃദയത്തിലേക്ക് പ്രവേശിച്ചു. പുരട്ചി കലൈഞ്ജർ എന്ന വിശേഷണം ലഭിക്കുന്നത് അതിനു ശേഷമാണ്. 1984ൽ മാത്രം 18 സിനിമകളാണ് വിജയകാന്തിന്‍റേതായി പുറത്തിറങ്ങിയത്. 2010ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനമായി അഭിനയിച്ചത്. അതിന്‍റെ സംവിധാനവും വിജയകാന്ത് തന്നെയായിരുന്നു. പിന്നീട് 2015ൽ മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായ സതാബ്ദം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലെത്തി.

നൂറാമത്തെചിത്രമായ ക്യാപ്റ്റൻ പ്രഭാകരൻ പുറത്തിറങ്ങിയതോടെയാണ് ക്യാപ്റ്റൻ എന്ന് വിശേഷണം സ്വന്തമായത്. 1986ൽ മികച്ച തമിഴ് നടനുള്ള ഫിലിംഫെയർ പുരസ്കാരവും, 2001ൽ തമിഴ്നാട് സർക്കാരിന്‍റെ കലൈമാമണി പുരസ്കാരവും 2002ൽ സർക്കാരിന്‍റെ മറ്റൊരു പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2005 സെപ്റ്റംബർ 14നാണ് ദേശീയ മുർപേക്ക് ദ്രാവിഡ കഴകം ( ഡിഎംഡികെ) സ്ഥാപിച്ചത്. 2006ൽ 234 സീറ്റിൽ മത്സരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് വിജയിച്ചത്. 2011ൽ എഐഡിഎംകെയുമായി സഖ്യമുണ്ടാക്കി 40 സീറ്റിൽ മത്സരിച്ച് 29 സീറ്റിൽ വിജയിച്ചു. 2014ൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും അതു തിരിച്ചടിയായി.മത്സരിച്ച 14 സീറ്റിലും പരാജയപ്പെട്ടു. 2016ൽ സിപിഎം, സിപിഐ , വിടുത്തലൈ ചിരുത്തലൈകൾ എന്നിവർക്കൊപ്പം സഖ്യമുണ്ടാക്കിയെങ്കിലും വീണ്ടും പരാജയം തന്നെയായിരുന്നു ഫലം. അതോടെ രാഷ്ട്രീയത്തിൽ വിജയകാന്തിന്‍റെ സ്വാധീനം കുറഞ്ഞു.

അനാരോഗ്യത്തെത്തുടർന്ന് കുറച്ചു കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. നവംബർ 18ന് ആശുപത്രിയിൽ പ്രവേശിച്ചതിനു പിന്നാലെ അദ്ദേഹം മരിച്ചതായി അഭ്യൂഹങ്ങൾ പടർന്നിരുന്നു. പിന്നീട് ആരോഗ്യവാനായി ആശുപത്രി വിട്ട വിജയകാന്ത് ചെന്നൈയിൽ നടന്ന ഡിഎംഡികെ ജനറൽ കൗൺസിൽ യോഗത്തിലും പങ്കെടുത്തിരുന്നു.

Trending

No stories found.

Latest News

No stories found.