ചെന്നൈ: ഫുട്ബോർഡിൽ അപകടകരമായി തൂങ്ങിനിൽക്കുന്ന സ്കൂൾ വിദ്യാർഥികളുമായി പോയ ബസ് തടഞ്ഞു നിർത്തുകയും കുട്ടികളെ താഴെയിറക്കി അടിക്കുകയും ചെയ്ത സംഭവത്തിൽ തമിഴ് നടിയും ബിജെപി നേതാവുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ. ബസ് നിർത്തിച്ച് കുട്ടികളെ ശകാരിക്കുകയും താഴെയിറക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിനെത്തുടർന്നാണു പൊലീസിന്‍റെ നടപടി.
രഞ്ജനയെ അവരുടെ വസതിയിലെത്തി അറസ്റ്റ് ചെയ്ത പൊലീസ് കുട്ടികളെ ഉപദ്രവിച്ചതിനും ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനും നടിക്കെതിരേ കേസെടുത്തു. ചെന്നൈ കെറുമ്പാക്കത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം. കുൺട്രത്തൂരിൽ നിന്നു പോരൂരിലേക്കു പോകുകയായിരുന്ന നിറയെ ആളുകളുമായി പോയ ബസിൽ വിദ്യാർഥികൾ പിന്നിലെ ഫുട്‌ബോർഡിൽ ഒരു കാൽ മാത്രം വച്ച് തൂങ്ങിനിൽക്കുകയായിരുന്നു. പിന്നാലെ കാറിലെത്തിയ രഞ്ജന ഇതു കണ്ട് ബസ് തടഞ്ഞു.
വിദ്യാർഥികൾ ഈ രീതിയിൽ യാത്രചെയ്യുന്നത് നിങ്ങൾക്ക് തടയാമായിരുന്നില്ലേ എന്ന് രഞ്ജന ഡ്രൈവറോടു ചോദിച്ച അഭിഭാഷക കൂടിയായ രഞ്ജന കുട്ടികളോട് താഴെയിറങ്ങാൻ നിർദേശിച്ചു. മടിച്ചുനിന്നവരെ വലിച്ചു താഴെയിറക്കുകയും എതിർത്തവരെ അടിക്കുകയും ചെയ്യുന്നതു ദൃശ്യങ്ങളിലുണ്ട്. തന്നോടു കയർത്തവരെ നായയെന്നു വിളിക്കുന്നതും കേൾക്കാം.
അതേസമയം, കേസെടുക്കേണ്ടത് രഞ്ജനയ്ക്കെതിരേയല്ലെന്നു ബിജെപി നേതാവ് സി.ടി. രവി പറഞ്ഞു. സ്കൂൾ കുട്ടികൾ അപകടകരമായി യാത്ര ചെയ്യുന്നത് തടയാൻ ശ്രമിക്കാത്തവർക്കും അതിന് ഉത്തരവാദികളായ മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ഉദ്യോഗസ്ഥർ എന്നിവർക്കുമെതിരേയാണു കേസെടുക്കേണ്ടതെന്നു രവി. രഞ്ജനയെ മോചിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും രവി ആവശ്യപ്പെട്ടു.