യാവത്മൽ: മഹാരാഷ്ട്ര മുഖ്യമന്ത്രിപദം പങ്കിടാമെന്ന തീരുമാനം 2019ൽ ബിജെപി അംഗീകരിച്ചിരുന്നെങ്കിൽ ഇന്ന് അവർക്കു പുതിയ സുഹൃത്തുക്കൾക്കായി പരവതാനി വിരിക്കേണ്ടി വരില്ലായിരുന്നെന്ന് ശിവസേനാ (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. വിദർഭയിലെ യാവത്മലിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നു 2019 നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് അന്നു ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം ബിജെപി പിന്മാറി. അതുകൊണ്ടാണ് താൻ എൻഡിഎ വിട്ട് കോൺഗ്രസിനും എൻസിപിക്കുമൊപ്പം ചേർന്നതെന്നും ഉദ്ധവ് താക്കറെ. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയെ സ്വീകരിച്ചതോടെ ബിജെപി സഖ്യത്തിലുണ്ടായ പ്രശ്നങ്ങൾ എങ്ങനെയാകുമെന്നറിയാൻ താൻ കാത്തിരിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
അതേസമയം, നിയമസഭയിൽ നിന്ന് അയോഗ്യരാക്കാതിരിക്കാൻ കാരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര അസംബ്ലി സ്പീക്കർ രാഹുൽ നർവേക്കർ ശിവസേനയിലെ ഇരുവിഭാഗങ്ങൾക്കും കത്തു നൽകി. അയോഗ്യത സംബന്ധിച്ച് സ്പീക്കർ തീരുമാനിക്കുമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പമുള്ള 40 എംഎൽഎമാർക്കും ഉദ്ധവിനൊപ്പമുള്ള 14 എംഎൽഎമാർക്കുമാണു കത്ത്. ഒരാഴ്ചയ്ക്കുള്ളിൽ തന്റെ ഭാഗത്തുള്ള എംഎൽഎമാർ മറുപടി നൽകുമെന്ന് ഉദ്ധവ് അറിയിച്ചു.