ബംഗളൂരു: ഹോട്ടലുകൾ, കടകൾ, ബാറുകൾ, ലൈസൻസുള്ള സ്ഥാപനങ്ങൾ എന്നിവയുടെ സമയപരിധി പുലർച്ചെ ഒരു മണി വരെ നീട്ടി കർണാടക സർക്കാർ ഉത്തരവിറക്കി. ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇതു ബാധകം.
ഉത്തരവനുസരിച്ച്, ബാറുകൾ ഇപ്പോൾ രാവിലെ 10 മുതൽ രാത്രി ഒരു മണി വരെ തുറന്നു പ്രവർത്തിക്കാം. ക്ലബ്ബുകൾ (സിഎൽ4 ലൈസൻസ്), സ്റ്റാർ ഹോട്ടലുകൾ (സി എൽ 6 ലൈസൻസ്), അതുപോലെ സിഎൽ 7, സിഎൽ7 ഡി ലൈസൻസുകളുള്ള ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും രാവിലെ 9 മുതൽ പുലർച്ചെ 1 വരെ പ്രവർത്തിക്കാൻ അനുവാദമുണ്ട്. സിഎൽ 9 ലൈസൻസുള്ള ബാറുകൾക്ക് രാവിലെ 10 മുതൽ 1 വരെ ബിസിനസും നടത്താം.
2016-ൽ, നഗരത്തിലെ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ മാർക്കറ്റുകൾ എന്നിവ തുറന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ, ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് രാത്രി 11 മണിയോടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ അതിനു പിന്നാലെ നിർദേശവും വന്നിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ബെംഗളൂരുവിന്‍റെ നൈറ്റ് ലൈഫ് സമയം നീട്ടുന്ന കാര്യം പരാമർശിച്ചിരുന്നു. ബജറ്റ് അവതരണ വേളയിൽ, പുലർച്ചെ ഒരു മണി വരെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
ബിബിഎംപി അധികാരപരിധിയിൽ, മദ്യം വിളമ്പുന്ന ഹോട്ടലുകൾ, ക്ലബ്ബുകൾ, ബാറുകൾ എന്നിവ നേരത്തെ രാത്രി 10 മണിക്കും 11 മണിക്കും അടച്ചിരുന്നുവെങ്കിലും ഉത്തരവ് പ്രകാരം ഇനി മുതൽ പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും. ഇതിലൂടെ സർക്കാരിന് അധിക വരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്.