ന്യൂഡൽഹി: ഷാങ്‌ഹായ് സഹകരണ കൂട്ടായ്മ ഉച്ചകോടിക്കായി ഇസ്‌ലാമാബാദ് സന്ദർശിക്കുമ്പോൾ പാക്കിസ്ഥാനുമായി പ്രത്യേക ചർച്ചകളുണ്ടാവില്ലെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യ- പാക്കിസ്ഥാൻ ബന്ധത്തെക്കുറിച്ചു ചർച്ച ചെയ്യാനല്ല താൻ പോകുന്നതെന്നും അദ്ദേഹം.
ഇസ്‌ലാമാബാദിൽ നടക്കുന്നത് ഒരു ബഹുരാഷ്‌ട്ര ഉച്ചകോടിയാണ്. ഞാനതിലെ ഒരു നല്ല അംഗമായി പങ്കെടുക്കും. ഞാൻ അന്തസോടെ പെരുമാറുന്ന ഒരു സിവിൽ വ്യക്തിയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഉചിതമായി പെരുമാറും. സാധാരണഗതിയിൽ പ്രധാനമന്ത്രിയാണ് ഇത്തരം ഉച്ചകോടികളിൽ പങ്കെടുക്കുക.
പക്ഷേ, ചിലപ്പോൾ അതിനു മാറ്റം വരാമെന്നും ജയശങ്കർ. ഈ മാസം 15, 16 തീയതികളിലാണു ഷാങ്ഹായ് ഉച്ചകോടി. പാക്കിസ്ഥാനിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രിക്കു പകരമാണു വിദേശകാര്യ മന്ത്രി പങ്കെടുക്കുന്നത്.