തിരുപ്പതി: അഹിന്ദുക്കളായ ജീവനക്കാരെല്ലാം ഒന്നുകിൽ ജോലിയിൽ നിന്ന് നേരത്തേ വിരമിക്കണം അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗത്തിലേക്ക് മാറ്റം വാങ്ങിപ്പോകണമെന്ന് വ്യക്തമാക്കി ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനം. പുതിയ നയത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിലെ അഹിന്ദുക്കളായ ജീവനക്കാരെയെല്ലാം മാറ്റാനാണ് ട്രസ്റ്റിന്‍റെ നീക്കം. 300 ജീവനക്കാരെ പുതിയ നയം നേരിട്ട് ബാധിക്കുമെന്നാണ് കരുതുന്നത്. തിരുപ്പതി ദേവസ്ഥാനം സ്വതന്ത്രമായി പ്രവർത്തിക്കുന്ന ട്രസ്റ്റാണ്. 7000ത്തോളം വരുന്ന സ്ഥിരം ജീവനക്കാരിൽ 300 പേരും അഹിന്ദുക്കളാണ്. 14,000 വരുന്ന കരാർ ജീവനക്കാരെയും നിർദേശം ബാധിക്കും.
അഹിന്ദുക്കളെ ക്ഷേത്രം ജീവനക്കാരായി നില നിർത്തുന്നതിനെക്കുറിച്ച് ഇനിയൊരു ചോദ്യം വേണ്ടെന്ന് ട്രസ്റ്റിന്‍റെ ചെയർമാനായ ബി.ആർ. നായിഡു പറയുന്നു. അതുമാത്രമല്ല ക്ഷേത്രത്തിനകത്തും പുറത്തുമെല്ലാം ഹിന്ദുക്കളായ കച്ചവടക്കാർക്കു മാത്രമേ അനുമതി നൽകൂ എന്നും ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഹിന്ദു വിശ്വാസികളുടെ ആവശ്യത്തെത്തുടർന്നാണ് പുതിയ തീരുമാനം. നിരവധി തൊഴിലാളി സംഘടനകളും ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ലഡുവുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് പുതിയ നീക്കത്തിന്‍റെ കാരണം. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുപ്പതി ലഡ്ഡു നിർമിക്കാനായി മൃഗക്കൊഴുപ്പു ഉപയോഗിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു.