തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ്: റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ലഡ്ഡുവുണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മീനെണ്ണ, ബീഫിൽ നിന്നും പന്നിമാംസത്തിൽ നിന്നുമുള്ള കൊഴുപ്പ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടാണ് സർക്കാർ വെളിപ്പെടുത്തിയത്.
tirupati laddu
തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ്: റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം
Updated on

ന്യൂഡൽഹി: തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പു ചേർന്നുവെന്ന ആരോപണത്തിൽ റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനത്തെ പ്രധാന പ്രസാദമാണ് ലഡ്ഡു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ഭരിച്ചിരുന്ന കാലത്ത് തിരുപ്പതിയിൽ വിതരണം ചെയ്തിരുന്ന ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് മീനെണ്ണ എന്നിവ ചേർത്തിരുന്നുവെന്ന് ടിഡിപിയാണ് ആരോപണമുന്നയിച്ചത്. ഇതു തെളിയിക്കുന്നതിനാവശ്യമായ ലാബ് പരിശോധന റിപ്പോർട്ടുകൾ അവർ പുറത്തു വിട്ടിരുന്നു.

ജഗൻമോഹൻ സർക്കാരിന്‍റെ കാലത്ത് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ നിലവാരമില്ലാത്ത സാധനങ്ങൾ പ്രസാദത്തിന് ഉപയോഗിച്ചെന്നു വിശദീകരിച്ചപ്പോഴായിരുന്നു നായിഡു മൃഗക്കൊഴുപ്പിനെക്കുറിച്ചു വെളിപ്പെടുത്തിയത്. ശുദ്ധമായ നെയ്യ് ഉപയോഗിക്കേണ്ട ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചു. അഞ്ചു വർഷം ക്ഷേത്രത്തിന്‍റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന നടപടികളായിരുന്നു വൈഎസ്ആർ കോൺഗ്രസ് സർക്കാരിന്‍റേത്. അന്നദാനത്തിൽപ്പോലും അഴിമതി കാട്ടിയെന്നും നായിഡു ആരോപിച്ചിരുന്നു.

എൻഡിഎയുടെ നിയമസഭാ കക്ഷി യോഗത്തിലാണു മുൻ സർക്കാരിനെതിരേ മുഖ്യമന്ത്രിയുടെ ഗുരുതരമായ ആരോപണം. വൈഎസ്ആർ കോൺഗ്രസ് ആരോപണം തള്ളിയതിനു പിന്നാലെ പ്രസാദത്തിൽ മൃഗക്കൊഴുപ്പിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന പരിശോധനാ റിപ്പോർട്ട് ആന്ധ്രപ്രദേശ് സർക്കാർ പുറത്തുവിട്ടു.

ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്മെന്‍റ് ബോർഡിനു കീഴിലുള്ള സെന്‍റർ ഒഫ് അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ് സ്റ്റോക്ക് ആൻഡ് ഫുഡിന്‍റെ ജൂലൈയിലെ റിപ്പോർട്ടാണ് സർക്കാർ പരസ്യപ്പെടുത്തിയത്. തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായ ലഡ്ഡുവുണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മീനെണ്ണ, ബീഫിൽ നിന്നും പന്നിമാംസത്തിൽ നിന്നുമുള്ള കൊഴുപ്പ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടാണ് സർക്കാർ വെളിപ്പെടുത്തിയത്.

Trending

No stories found.

Latest News

No stories found.