ഇന്ദോർ: മധ്യപ്രദേശിൽ വളർത്തുനായകളെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലുണ്ടായ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിലെ ഇന്തോറിലാണ് സംഭവം.
അയൽവാസികൾ തമ്മിലാണ് വളർത്തു നായയെച്ചൊല്ലി തർക്കമുണ്ടായത്. വെടിയുതിർത്ത രാജ്പാൽ രാജാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനാണ്. വിമൽ(35), രാഹുൽ വർമ(28) എന്നിവരാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രിയോടെയാണ് തർക്കമുണ്ടായത്. കൃഷ്ണബാഗ് കോളനിയിലൂടെ നടക്കാനിറങ്ങിയ രാജാവത്തിന്‍റെ നായ അയൽവാസിയുടെ വളർത്തുനായയുമായി കടിപിടി കൂടിയതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. വാക്കുതർക്കം രൂക്ഷമായോടെ വീട്ടിലേക്ക് കയറി തോക്കെടുത്ത് രജാവത് വെടിവയ്ക്കുകയായിരുന്നു. രണ്ടു തവണയാണ് ഇയാൾ മട്ടുപ്പാവിൽ നിന്ന് താഴെ റോഡിൽ നിന്നവരുടെ നേരെ വെടിയുതിർത്തത്.
ബാങ്ക് സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്ന ലൈസൻസോടു കൂടിയ ഡബിൾ ബാരൽ 12 ബോർ തോക്കും പൊലീസ് പിടിച്ചെടുത്തു. ഇരു കൂട്ടരും തമ്മിൽ ഇതിനു മുൻപ് ശത്രുതയൊന്നുമില്ലായിരുന്നുവെന്ന് പൊലീസ്. അന്വേഷണം തുടരുകയാണ്.