ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ പരാതിയിൽ ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷൻ ശരൺ സിങിനെതിരേ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന എഫ്ഐആറിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നു. ലൈംഗിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നടപടി ആവശ്യപ്പെട്ടുള്ള താരങ്ങളുടെ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് എഫ്ഐആർ വിവരങ്ങൾ പുറത്തു വന്നത്.
കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് എഫ്ഐആറുകളാണ് ബ്രിജ്ഭൂഷനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ ഏഴുപേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആറുകൾ. ആറു പേരുടെ പരാതി ഒന്നിച്ചും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിന്‍റെ പരാതി പ്രത്യേകമായിട്ടുമാണ് പൊലീസ് പരിഗണിച്ചത്.
പരിശീലന കേന്ദ്രങ്ങൾ, വിവിധ അന്താരാഷ്ട്ര വേദികൾ, ബ്രിജ്ഭൂഷന്‍റെ ഓഫീസ്, റെസ്റ്റോറന്‍റ് ഉൾപ്പെടെ എട്ടു സ്ഥലങ്ങളിൽ വെച്ച് ലൈംഗികമായി അതിക്രമിച്ചു, ശ്വാസപരിശോധനയുടെ പേരിൽ ടീ ഷർട്ട് മാറ്റി ശരീരത്തിൽ സ്പർശിച്ചു, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തടവി എന്നിങ്ങനെയാണ് എഫ്ഐആറിൽ പറയുന്നത്.
അതിനിടെ, ആരോപണങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് ബ്രിജ്ഭൂഷൻ രംഗത്തെത്തി. താൻ വേട്ടയാടപ്പെടുകയാണ് . ലൈംഗികാതിക്രമ പരാതി തെളിയിക്കപ്പെട്ടാൽ തൂക്കിലേറി മരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഗുസ്തിയിൽ 20-ാം സ്ഥാനത്തായിരുന്ന ഇന്ത്യ അഞ്ചാം സ്ഥാനം നേടിയതിനു പിന്നിൽ തന്‍റെ കഠിനാധ്വാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.