ഇതു 'പുതിയ' ഡിഎംകെ; ദീപാവലി ആശംസ നേർന്ന് ഉദയനിധി

ശനിയാഴ്‌ച ചെന്നൈയില്‍ പാർട്ടിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പാർട്ടിയുടെ പാരമ്പര്യത്തിനു വിരുദ്ധമായി ഉദയനിധിയുടെ പരാമർശം
This is the 'new' DMK; Happy Diwali from Udayanidhi
ഉദയനിധി സ്റ്റാലിൻ
Updated on

ചെന്നൈ: തമിഴ്‌നാടിന് ദീപാവലി ആശംസിച്ച് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. 'വിശ്വാസമുള്ളവർക്ക് ദീപാവലി ആശംസകൾ' എന്നാണ് ശനിയാഴ്‌ച ചെന്നൈയില്‍ പാർട്ടിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പാർട്ടിയുടെ പാരമ്പര്യത്തിനു വിരുദ്ധമായി ഉദയനിധിയുടെ പരാമർശം. ഡിഎംകെയുടെ മുന്‍ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയും ഇപ്പോഴത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉൾപ്പെടെ നേതാക്കൾ യുക്തിവാദികളെന്ന വാദത്തിൽ ഇത്തരം ആശംസകൾ നേരുക പതിവില്ല.

മുൻപൊരിക്കൽ വിനായക ചതുർഥിക്ക് ആശംസ നേർന്ന തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബുവിനെ പാർട്ടി നേതാക്കൾ വിമർശിച്ചിരുന്നു. സ്വന്തം സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നുള്ള വിനായക ചതുർഥി ആശംസയെ സ്റ്റാലിൻ തള്ളിപ്പറയുന്നതും തമിഴകം കണ്ടിട്ടുണ്ട്. എന്നാൽ, പാർട്ടിയുടെ പിന്തുണയുണ്ടായിരുന്ന കറുപ്പർ കൂട്ടം സ്കന്ദ ഷഷ്ഠി കവചത്തിനെതിരേ അസഭ്യ പരാമർശങ്ങൾ നടത്തിയത് വിവാദമായപ്പോൾ ഉടൻ അവരോട് യോജിപ്പില്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരുന്നു സ്റ്റാലിൻ.

സനാതന ധർമം ഡെംഗിയും മലേറിയയും പോലെയാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നും ആഹ്വാനം ചെയ്ത് വിവാദത്തിലായിരിക്കെയാണ് ഉദയനിധി ദീപാവലിയാശംസ നേർന്നത്. താൻ കലൈഞ്ജറുടെ പേരക്കുട്ടിയാണെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും ഉദയനിധി കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. എന്നാൽ തന്‍റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. തമിഴ് സൂപ്പർ താരം വിജയ് പുതിയ പാർട്ടിയുമായി രംഗത്തെത്തിയതു കൂടി കണക്കിലെടുത്താകും ഉദയനിധിയുടെ നിലപാട് മാറ്റമെന്നു കരുതുന്നു.

അതേസമയം, ഡിഎംകെയെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. 'വിശ്വാസമില്ലാത്തവർക്ക് നരകാസുരനെപ്പോലെ ജീവിക്കാൻ ആശംസകൾ' എന്നാണ് തമിഴ്‌നാട്ടിലെ ബിജെപി നേതാവ് നാരായണൻ തിരുപ്പതി പ്രതികരിച്ചത്. ഇന്ത്യയുടെ വടക്ക് ഭാഗങ്ങളില്‍, ശ്രീരാമനും സീതാദേവിയും വനവാസം കഴിഞ്ഞ് അയോധ്യയിലേക്ക് മടങ്ങിവന്ന സന്ദര്‍ഭമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. അതേസമയം തെക്കേ ഇന്ത്യന്‍ ഭാഗങ്ങളില്‍, അസുര രാജാവായ നരകാസുരനെതിരെ ശ്രീകൃഷ്‌ണനും പത്നി സത്യഭാമയും നേടിയ വിജയത്തെ അനുസ്‌മരിച്ച് കൊണ്ടാണ് ദീപാവലി ആഘോഷിക്കുന്നത്.

Trending

No stories found.

Latest News

No stories found.