ഡെറാഡൂൺ: ആറു മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബദരിനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു. ഇതോടെ ബദരിനാഥ്, കേദാർനാഥ്, യമുനോത്രി, ഗംഗോത്രി എന്നിവയടങ്ങുന്ന ചാർദാം യാത്രയ്ക്കും തുടക്കമായി. രണ്ടു മണിക്കൂർ നീണ്ടു നിന്ന ചടങ്ങുകൾക്കൊടുവിൽ ഞായറാഴ്ച രാവിലെ 6 മണിക്കാണ് ക്ഷേത്രം തുറന്നത്. നിരവധി ഭക്തരാണ് ക്ഷേത്രത്തിനു മുന്നിൽ തടിച്ചു കീടിയിരുന്നത്. 15 ക്വിന്‍റൽ പൂക്കൾ ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചിരുന്നത്. റാവൽ ഈശ്വർ പ്രസാദ് നമ്പൂതിരിയാണ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ. ക്ഷേത്രം കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
നഗാഡ, ഡോൽ വാദ്യങ്ങളോടെയും വേദമന്ത്രോച്ഛാരണത്തിന്‍റെയും പശ്ചാത്തലത്തിലാണ് ക്ഷേത്രം ഭക്തർക്കായി തുറന്നത്. ബഹുമാനസൂചകമായി ക്ഷേത്രത്തിൽ സൈനിക ബാൻഡും എത്തിയിരുന്നു. ശനിയാഴ്ച വരെ 7,37,885 പേരാണ് ഓൺലൈനായി ക്ഷേത്രദർശനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ആകെ 18,39,591 പേരാണ് ക്ഷേത്ര ദർശനം നടത്തിയത്.
കേദാർനാഥ്, യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങൾ വെള്ളിയാഴ്ചയാണ് തുറന്നത്.