ബംഗളൂരു: ബംഗളൂരുവിൽ ഏഴുനില കെട്ടിടം തകർന്ന സംഭവത്തിൽ ഉടമയുടെ മകൻ അറസ്റ്റിൽ. ഹെന്നൂർ പൊലീസ് ബുധനാഴ്ചയാണ് മല്ലേശ്വരം സ്വദേശിയായ ഭുവനെ അറസ്റ്റ് ചെയ്തത്. ഭുവനെ വിശദമായി ചോദ‍്യം ചെയ്തതിനു ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.
കെട്ടിടത്തിന്‍റെ നാല് നിലകളുടെ നിർമാണച്ചുമതല വഹിച്ചിരുന്ന മുനിയപ്പ എന്ന കരാറുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭുവന്‍റെ പിതാവ് മുനിരാജ റെഡ്ഡിയുടെ പേരിലാണ് കെട്ടിടം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒളിവിൽ പോയ മുനിരാജയെയും നിലവിലെ കരാറുകാരൻ ഏലുമലയെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ബംഗളൂരൂവിലെ ബാബുസാപല്യ എന്ന പ്രദേശത്ത് ചൊവാഴ്ച വൈകിട്ടായിരുന്നു സംഭവം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന 14 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴയ്ക്കിടെയാണ് കെട്ടിടം തകർന്നു വീണത്. ഹർമൻ (26), ത്രിപാൽ (35), മുഹമ്മദ് സാഹിൽ (19), സത്യരാജു (25), ശങ്കർ എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ നാല് പേർ നോർത്ത് ബാംഗ്ലൂർ ആശുപത്രിയിലും ഒരാൾ ഹോസ്‌മാറ്റിലും മറ്റൊരാൾ ആസ്റ്റർ ആശുപത്രിയിലും ചികിത്സയിലാണ്. കെട്ടിടം പൂർണമായും തകർന്നതായാണ് റിപ്പോർട്ട്. നിലവാരം കുറഞ്ഞ മെറ്റീരിയലും മോശം നിർമ്മാണവുമാണ് തകർച്ചയ്ക്ക് കാരണമെന്നാണ് കണ്ടെത്തൽ.