കോയമ്പത്തൂർ: ട്രെയ്നിടിച്ചു കാട്ടാനകൾ ചരിയുന്നതു പതിവായ മധുക്കരയിൽ മൃഗങ്ങൾക്കായി നിർമിക്കുന്ന അടിപ്പാത പൂർത്തിയാകുന്നു. ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാലക്കാട്- കോയമ്പത്തൂർ പാതയിൽ വാളയാറിനു സമീപം മധുക്കരൈയിൽ റെയ്ൽവേയും തമിഴ്നാട് വനംവകുപ്പും സംയുക്തമായാണ് അടിപ്പാത നിർമിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ 24 മണിക്കൂർ മൃഗങ്ങളുടെ സഞ്ചാര നിരീക്ഷണവും ഇവിടെ ഏർപ്പെടുത്തും. ഇതോടെ, ദുരന്തങ്ങൾ ഒഴിവാക്കാനാകുമെന്നാണു വനംവകുപ്പിന്റെയും റെയ്ൽവേയുടെയും പ്രതീക്ഷ.
കഴിഞ്ഞ 16നാണ് നിർമാണം പൂർത്തിയാകുന്ന അടിപ്പാതയുടെ വിഡിയൊ ദൃശ്യം സുപ്രിയ സാഹു പങ്കുവച്ചത്. ട്വിറ്ററിൽ ഏറെ വൈറലായ ദൃശ്യം ഇതിനകം ലക്ഷത്തോളം പേരാണു കണ്ടത്.
അതേസമയം, അടിപ്പാത നിർമിച്ചതിനൊപ്പം പാളത്തിലൂടെയുള്ള ആനകളുടെ സഞ്ചാരം വിലക്കാൻ ട്രാക്കിന് ഇരുവശവും വേലി നിർമിക്കണമെന്ന് ദൃശ്യത്തിനുള്ള കമന്റിൽ പലരും ചൂണ്ടിക്കാട്ടി.