ഡെറാഡൂൺ: ബഹുഭാര്യാത്വം നിരോധിക്കാനും പെൺകുട്ടികൾക്ക് കുടുംബ സ്വത്തിൽ തുല്യാവകാശം ഉറപ്പാക്കാനുമുൾപ്പെടെ സുപ്രധാന ശുപാർശകളുമായി ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡിന് (യുസിസി) കരട് തയാറായി. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ദത്തെടുക്കൽ തുടങ്ങി വിവിധ വ്യക്തിനിയമങ്ങളിൽ എല്ലാ വിഭാഗത്തിനും സമാനമായ വ്യവസ്ഥകൾ നിർദേശിക്കുന്നതാണു കരട്. ദേശീയ തലത്തിൽ ബിജെപി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏക സിവിൽ കോഡ് ഇതേ മാതൃകയിലാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് കരട് കൈമാറിയത്. ഇത് വിശദമായി ചർച്ച ചെയ്യാൻ തിങ്കളാഴ്ച മുതൽ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. 749 പേജുള്ള റിപ്പോർട്ടിൽ ചൊവ്വാഴ്ച ചർച്ചയാരംഭിക്കുമെന്നും ധാമി വ്യക്തമാക്കി.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു ഏക സിവിൽ കോഡ് നടപ്പാക്കൽ. ശനിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം കരട് ചർച്ച ചെയ്യും. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയെ കൂടാതെ സിക്കിം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, ഉത്തരാഖണ്ഡ് മുൻ ചീഫ് സെക്രട്ടറി ശത്രുഘ്‌നൻ സിങ്, ഡൂൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. സുരേഖ ദംഗ്‌വാൾ, സാമൂഹിക പ്രവർത്തക മനു ഗൗർ എന്നിവരായിരുന്നു അംഗങ്ങൾ. രണ്ട് ഉപസമിതികളും രൂപീകരിച്ചിരുന്നു.
ജനങ്ങളിൽ നിന്നു നേരിട്ട് നിർദേശങ്ങൾ സ്വീകരിച്ചു. മൊത്തം 43 പൊതു സംവാദ പരിപാടികൾ നടത്തി. വിവിധ മാധ്യമങ്ങളിലൂടെ 2,32,961 നിർദേശങ്ങളാണ് സമിതിക്ക് ലഭിച്ചത്. ഇത് സംസ്ഥാനത്തെ ഏകദേശം 10 ശതമാനം കുടുംബങ്ങൾക്ക് തുല്യമാണ്. 10,000ത്തോളം ആളുകളുമായി സംവദിക്കാനും ലഭിച്ച 2,32,961നിർദേശങ്ങൾ പഠിക്കുന്നതിനും സമിതിയുടെ 72 യോഗങ്ങൾ വിളിച്ചു.
പ്രധാന ശുപാർശകൾ:
മുസ്‌ലിം വ്യക്തി നിയമപ്രകാരമുള്ള വിവാഹമോചന മാർഗങ്ങളായ ഹലാല, ഇദ്ദാത്, മുത്തലാഖ് എന്നിവ ശിക്ഷയർഹിക്കുന്ന കുറ്റകൃത്യമായി മാറും
ഒരു വിഭാഗത്തിലും ബഹുഭാര്യാത്വം അനുവദിക്കില്ല
ലിവ് ഇൻ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും, ഇതിനായി സർക്കാർ പോർട്ടൽ തുടങ്ങും
18-21 പ്രായ വിഭാഗത്തിലുള്ളവരുടെ ലിവ് ഇൻ ബന്ധത്തിന് മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധമാക്കും
വിവാഹമോചനം, ജീവനാംശം എന്നിവയിൽ എല്ലാവർക്കും ഒരേ നിയമം ബാധകമാകും
മുസ്‌ലിംകൾ ഉൾപ്പെടെ എല്ലാവിഭാഗത്തിലെയും പെൺകുട്ടികൾക്ക് പിതൃസ്വത്തിൽ തുല്യാവകാശം ഉറപ്പാക്കും
പെൺകുട്ടികളുടെ വിവാഹപ്രായം 18 ആയി തത്കാലം തുടരുമെങ്കിലും, ഇത് 21ലേക്ക് ഉയർത്തുന്നത് പരിഗണിക്കാം
എല്ലാ വിഭാഗത്തിലുമുള്ളവർക്ക് കുട്ടികളെ ദത്തെടുക്കാം. എന്നാൽ, സ്വന്തം മതവിഭാഗത്തിൽ നിന്നായിരിക്കണം. (മുസ്‌ലിം, ക്രിസ്ത്യൻ, പാഴ്സി വിഭാഗത്തിന് നിലവിൽ ദത്തെടുക്കൽ നിയമങ്ങളില്ല)
എല്ലാ വിവാഹങ്ങൾക്കും രജിസ്ട്രേഷൻ
പട്ടികവര്‍ഗ വിഭാഗങ്ങളുടെ തനത് ജീവിതരീതി പരിഗണിച്ച് ഇവരെ ഒഴിവാക്കും
അസമിൽ ബഹുഭാര്യാത്വം നിരോധിക്കാൻ ബിൽ
സംസ്ഥാനത്ത് ബഹുഭാര്യാത്വം അവസാനിപ്പിക്കാനുള്ള ബിൽ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. നിയമവകുപ്പ് ഇതിന്‍റെ കരട് പരിശോധിച്ചുവരികയാണ്. ഉത്തരാഖണ്ഡിലേതിനു സമാനമായ യുസിസി രൂപീകരിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും ശർമ. ഉത്തരാഖണ്ഡിലെ നിയമസഭാ സമ്മേളനത്തിൽ നടക്കുന്ന ചർച്ചകളുടെ പൂർണരൂപം അറിഞ്ഞിട്ടാകും നടപടിയെന്നും അദ്ദേഹം.