ന‍്യൂഡൽഹി: യൂണിഫോം സിവിൽ കോഡ് അംഗീകരിക്കാനാവില്ലെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് (എഐഎംപിഎൽബി) പ്രഖ്യാപിച്ചു. യൂണിഫോം സിവിൽ കോഡ് തങ്ങളുടെ ശരീഅത്ത് നിയമത്തിനെതിരാണെന്നും ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും തയ്യാറല്ലെന്നും ബോർഡ് വ‍്യക്തമാക്കി.
മതനിരപേക്ഷ സിവിൽ കോഡിന് വേണ്ടി വാദിക്കുകയും മതപരമായ വ്യക്തിനിയമങ്ങളെ സാമുദായികമായി പരാമർശിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെയും എഐഎംപിഎൽബി വിമർശിച്ചു. പ്രധാനമന്ത്രിയുടെ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബോർഡ്.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: “നിലവിലുള്ള സിവിൽ കോഡ് ഫലത്തിൽ ഒരു സാമുദായിക സിവിൽ കോഡാണെന്ന് സമൂഹത്തിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നു, ചില ന്യായീകരണങ്ങളുമുണ്ട്. അത് വിവേചനം വളർത്തുകയും രാജ്യത്തെ മതത്തിന്‍റെ അടിസ്ഥാനത്തിൽ വിഭജിക്കുകയും അസമത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.”
ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് അവരുടെ മതത്തിന് അനുസൃതമായി നിയമങ്ങൾ നടപ്പിലാക്കാൻ അർഹതയുണ്ടെന്നാണ് വ്യക്തിനിയമ ബോർഡിന്‍റെ വാദം. 1937 ലെ ശരിയത്ത് ആപ്ലിക്കേഷൻ ആക്റ്റ്, ഇന്ത്യൻ ഭരണഘടന എന്നിവ ഉറപ്പുനൽകുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം പൗരന്മാർക്ക് അവരുടെ മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും ആചരിക്കാനുമുള്ള മൗലികാവകാശം നൽകുന്നു ഇന്ത്യയിലെ മറ്റ് സമുദായങ്ങളുടെ കുടുംബ നിയമങ്ങൾ മതപരവും പരമ്പരാഗതവുമായ ആചാരങ്ങളിൽ വേരൂന്നിയതാണെന്നും എഐഎംപിഎൽബി ബോർഡ് വക്താവ് ഡോ എസ്‌ക്യുആർ ഇല്യാസ് ചൂണ്ടിക്കാട്ടി.ഏകീക‍്യത സിവിൽ കോഡ് പാശ്ചാത്യ സങ്കൽപ്പമാണെന്നും ഇന്ത്യയുടെ വൈവിധ്യമാർന്ന പാരമ്പര്യത്തിന് ഇത് അനുയോജ‍്യമല്ലെന്നും ഇല്യാസ് വാദിച്ചു.ഭരണഘടനാപരമായി "യൂണിഫോം സിവിൽ കോഡ്" എന്നതിനുപകരം "മതേതര സിവിൽ കോഡ്" എന്ന പദം ഉപയോഗിച്ചതിന് ഡോ. ഇല്യാസ് പ്രധാനമന്ത്രിയെ വിമർശിച്ചു, ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശരീഅത്ത് നിയമത്തെ ലക്ഷ്യം വയ്ക്കാനുമുള്ള ബോധപൂർവമായ ശ്രമമാണെന്ന് അഭിപ്രായപ്പെട്ടു.