Nirmala Sitharaman presenting the Union Budget 2024-25
നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു

ബജറ്റിൽ കേരളത്തിന് ഒന്നുമില്ല; എല്ലാം ബിഹാറിനും ആന്ധ്രയ്ക്കും

മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ്, നിർമല സീതാരാമന്‍റെ ഏഴാം ബജറ്റ്.

അവതരണം രാവിലെ 11 മുതൽ

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച. രാവിലെ 11നു ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമനാണു ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ തുടർച്ചയായ ഏഴാം ബജറ്റാണിത്.

ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിനമായ തിങ്കളാഴ്ച ധനമന്ത്രി സാമ്പത്തിക സർവെ സഭയിൽ അവതരിപ്പിച്ചിരുന്നു. രാജ്യം 6.5-7 ശതമാനം വളർച്ച നേടുമെന്നാണു സർവെയിലെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'വികസിത് ഭാരത് 2047' എന്ന ലക്ഷ്യത്തിലേക്കുള്ള അടിത്തറയിടുന്നതാകും ബജറ്റ് നിർദേശങ്ങളെന്നാണു കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കർഷക, മധ്യവർഗ വിഭാഗങ്ങളിൽ നിന്ന് ബിജെപിക്കു തിരിച്ചടിയേറ്റിരുന്നു.

തിങ്കളാഴ്ച രാവിലെ ചേർന്ന എൻഡിഎ യോഗം ബജറ്റ് അവതരണത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്തു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളെ നേരിടേണ്ടതിനെക്കുറിച്ചും മുതിർന്ന നേതാക്കൾ ഉപദേശം നൽകി. മുഴുവൻ എംപിമാരും സഭയിലുണ്ടാകണമെന്നാണു നിർദേശം. ബജറ്റ് അവതരണത്തിനു ശേഷം എല്ലാ എൻഡിഎ എംപിമാർക്കും പ്രധാന നിർദേശങ്ങളുടെ പകർപ്പ് നൽകുമെന്നും എല്ലാവരും ഒരേ സ്വരത്തിലായിരിക്കണം പ്രതികരിക്കേണ്ടതെന്നും നേതാക്കൾ.

Nirmala sitharaman
നിർമല സീതാരാമൻ

അമൃതകാലത്തിനു ചേർന്ന ബജറ്റാകും നിർമല അവതരിപ്പിക്കുകയെന്നു പ്രധാനമന്ത്രി പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ കരുത്താണ് സാമ്പത്തിക സർവെയിൽ വ്യക്തമാകുന്നത്. സർക്കാർ നടത്തിയ പരിഷ്കരണങ്ങളുടെ ഫലവും തെളിഞ്ഞുകാണാം. കൂടുതൽ വളർച്ചയും പുരോഗതിയും നേടേണ്ട മേഖലകളെക്കുറിച്ചും വികസിത് ഭാരത് നിർമാണത്തെക്കുറിച്ചും അത് ചൂണ്ടിക്കാട്ടുന്നുവെന്നും മോദി പറഞ്ഞു.

ചരിത്രത്തിലേക്കൊരു ബജറ്റ്

Nirmala Sitharaman presenting the Union Budget 2024-25
നിർമല സീതാരാമന്‍റെ ഏഴാം ബജറ്റ് ചരിത്രത്തിലേക്ക്
Nirmala Sitharaman presenting the Union Budget 2024-25
ഇത്തവണയും കടലാസ്‌രഹിത ബജറ്റ്

ധനമന്ത്രി പാർലമെന്‍റിൽ

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച ശേഷം ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിനായി പാർലമെന്‍റ് മന്ദിരത്തിലെത്തി.

ബജറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ബജറ്റിന് അംഗീകാരം നൽകി.

അവതരണം ഉടൻ

നിർമല സീതാരാമൻ ഏതാനും മിനിറ്റുകൾക്കുള്ളിൽ ബജറ്റ് പാർലമെന്‍റിൽ അവതരിപ്പിക്കും.

ബജറ്റ് അവതരണം തുടങ്ങി

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു. മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ്

സമ്പദ് വ്യവസ്ഥ സുസ്ഥിരം

രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ സുസ്ഥിരവും സുശക്തവുമായ അവസ്ഥയിലെന്ന് ധനമന്ത്രി. പണപ്പെരുപ്പം നിയന്ത്രണവിധേയമെന്നും പ്രഖ്യാപനം.

തൊഴിലവസരങ്ങളിൽ ശ്രദ്ധ

കൂടുതൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിലായിരിക്കും ഈ ബജറ്റ് ശ്രദ്ധയൂന്നുക എന്ന് ധനമന്ത്രി. പാവപ്പെട്ടവർക്കും സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും പ്രത്യേക പരിഗണന. ഇടക്കാല ബജറ്റിൽ സൂചിപ്പിച്ച മാർഗത്തിൽ തുടരും.

വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യ വികസനം

വിദ്യാഭ്യാസ നിലവാരം ഉയർത്തുക, യുവാക്കളുടെ നൈപുണ്യ വികസനം ഉറപ്പാക്ക, അവർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1.48 ലക്ഷം കോടി രൂപ വകയിരുത്തി.

ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച വിവിധ പദ്ധതികൾക്ക് തുടർച്ച ഉറപ്പാക്കും.

കാലാവസ്ഥ ബാധിക്കാത്ത വിത്തുത്പാദനം

കാലാവസ്ഥയിലുണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ബാധിക്കാത്ത തരത്തിലുള്ള വിത്തിനങ്ങൾ പുതിയതായി ഉത്പാദിപ്പിക്കുന്നതിനുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കും. ഇതിനായി മേഖലയിലെ വിദഗ്ധർക്കും സ്വകാര്യ മേഖലയ്ക്കും ഫണ്ട് അനുവദിക്കും. ഉയർന്ന ഉത്പാദനക്ഷമതയുള്ള 109 വിത്തിനങ്ങൾ സർക്കാർ വിതരണം ചെയ്യും.

ജൈവകൃഷിക്ക് പ്രോത്സാഹനം

  • വരുന്ന രണ്ടു വർഷത്തിനുള്ളിൽ ഒരു കോടി കർഷകരെ ജൈവകൃഷി തുടങ്ങാൻ പ്രോത്സാഹിപ്പിക്കും.

  • ഉത്പാദനം വർധിപ്പിക്കാൻ വൻതോതിലുള്ള പച്ചക്കറി ഉത്പാദന ക്ലസ്റ്ററുകൾ രൂപീകരിക്കും.

  • സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് കാർഷികമേഖലയ്ക്കു വേണ്ടി ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും.

  • ധാന്യങ്ങളുടെയും പയർ വർഗങ്ങളുടെയും ഉത്പാദനം, സംഭരണം, വിപണനം എന്നിവ വർധിപ്പിക്കും.

  • കൊഞ്ച് കൃഷിക്കും വിപണനത്തിനും സർക്കാർ സഹായം

  • അഞ്ച് സംസ്ഥാനങ്ങളിൽ കിസാൻ ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിക്കും.

യുവാക്കൾക്ക് ഒരു മാസത്തെ പിഎഫ്

  • തൊഴിൽ വിപണിയിലെത്തുന്ന മുപ്പത് ലക്ഷം യുവാക്കൾക്ക് ഒരു മാസത്തെ പിഎഫ് കോൺട്രിബ്യൂഷൻ സർക്കാർ നൽകും.

  • അഞ്ച് വർഷത്തിനുള്ളിൽ ഇരുപതു ലക്ഷം യുവാക്കളുടെ നൈപുണ്യ വികസനം ഉറപ്പാക്കും.

  • മോഡൽ സ്കില്ലിങ് സ്കീം പ്രകാരമുള്ള വായ്പ ഏഴര ലക്ഷം രൂപയായി ഉയർത്തും.

  • ആയിരം ഐടിഐകൾ ഹബ് ആൻഡ് സ്പോക്ക് മോഡലിലേക്ക് ഉയർത്തും.

  • 500 വമ്പൻ കമ്പനികളിൽ അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് ഇന്‍റേൺഷിപ്പിന് അവസരമൊരുക്കും.

വർക്കിങ് വിമെൻ ഹോസ്റ്റലുകൾ തുടങ്ങും

സ്ത്രീകളെ കൂടുതലായി തൊഴിൽ രംഗങ്ങളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നേരിട്ട് വർക്കിങ് വിമെൻ ഹോസ്റ്റലുകൾ ആരംഭിക്കും.

വിദ്യാഭ്യാസ വായ്പകൾക്ക് സർക്കാർ സഹായം

  • രാജ്യത്തിനകത്തുള്ള സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്നതിന് പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സർക്കാർ സഹായം ഉറപ്പാക്കും.

  • ഒരു ലക്ഷം വിദ്യാർഥികൾക്ക് പലിശയിനത്തിൽ മൂന്നു ശതമാനം ഇളവ് ലഭിക്കുന്നതിനുള്ള ഇ-വൗച്ചറുകൾ നൽകും.

അഞ്ച് സംസ്ഥാനങ്ങൾക്കായി പൂർവോദയ; പ്രത്യേക പദവി ആവശ്യത്തിൽ ആശ്വാസ നടപടി

  • പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടു വരുന്നവ അടക്കം അഞ്ച് കിഴക്കൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി പൂർവോദയ പദ്ധതി പ്രഖ്യാപിച്ചു.

  • ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീശ, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക.

  • രാജ്യത്തിന്‍റെ കിഴക്കൻ മേഖലയുടെ വികസനം മുൻനിർത്തി വ്യവസായ ഇടനാഴി നടപ്പാക്കും.

  • ബിഹാറിലെ റോഡ് പദ്ധതികൾക്കു മാത്രം 26,000 കോടി രൂപ.

  • ബിഹാറിന് മറ്റ് ഏജൻസികൾ മുഖേനയും പ്രത്യേക സാമ്പത്തിക സഹായം ഉറപ്പാക്കും.

  • ബിഹാറിൽ കേന്ദ്ര സർക്കാർ വിമാനത്താവളങ്ങളും മെഡിക്കൽ കോളെജുകളും സ്പോർട്സ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കും.

  • ആന്ധ്രയിലെ മൂന്ന് ജില്ലകൾക്ക് പിന്നാക്ക മേഖലാ ഗ്രാന്‍റ് അനുവദിക്കും.

  • ആന്ധ്ര പ്രദേശിന്‍റെ തലസ്ഥാന നഗര രൂപീകരണത്തിന് പ്രത്യേക ധനസഹായമായി 15,000 കോടി രൂപ.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിഗണന

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് മൂന്നു ലക്ഷം കോടി രൂപയുടെ പദ്ധതി.

Nirmala Sitharaman poses with budget tablet along with Union Finance Ministry officials
ബജറ്റ് അടങ്ങിയ ടാബ്‌ലറ്റുമായി മന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയ ഉദ്യോഗസ്ഥർക്കൊപ്പം

ഗ്രാമ വികസനത്തിന് ഫണ്ട്

രാജ്യത്തെ ഗ്രാമീണ മേഖലകളുടെ വികസനം മുൻനിർത്തി 2.66 ലക്ഷം കോടി രൂപയുടെ ഫണ്ട്.

മുദ്ര ലോൺ ഇരട്ടിയാക്കി

മുദ്ര ലോൺ സ്കീം പ്രകാരം നൽകുന്ന തുക ഇരട്ടിയാക്കി, ഇനി പത്ത് ലക്ഷം രൂപ വരെ ലഭിക്കും.

100 വ്യവസായ പാർക്കുകൾ

  • നൂറ് നഗരങ്ങളിൽ ഓരോ ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കും. നിക്ഷേപകർക്ക് എല്ലാ സൗകര്യങ്ങളോടും കൂടി, ഇൻവെസ്റ്റ്‌മെന്‍റ് റെഡി പാർക്കുകളായിരിക്കും തയാറാക്കുക.

  • വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കായി ഡോർമിറ്ററി സൗകര്യങ്ങൾ നൽകും.

സമുദ്ര ഖനനം

  • സമുദ്ര മേഖലകളിൽ ഖനനം നടത്തുന്നതിന് ലേലം സംഘടിപ്പിക്കും.

  • ക്രിട്ടിക്കൽ മിനറൽ മിഷൻ മുഖേന വിദേശരാജ്യങ്ങളിൽ ആസ്തികൾ സ്വന്തമാക്കും.

വൻനഗരങ്ങളിൽ ഗതാഗത വികസനം

മുപ്പതു ലക്ഷത്തിലധികം ജനസംഖ്യയുള്ള വൻനഗരങ്ങളിലെ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി.

ഭവനനിർമാണത്തിന് സഹായം

നഗര മേഖലകളിൽ വീട് വയ്ക്കുന്നതിന് പലിശ സബ്സിഡി ഉറപ്പാക്കും. ഇതിനായി അടുത്ത അഞ്ച് വർഷത്തേക്ക് സർക്കാർ 2.2 ലക്ഷം കോടി രൂപ ചെലവഴിക്കും.

സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ

തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ ആരംഭിക്കും.

ബിഹാർ സ്പെഷ്യൽ ബജറ്റ്

പ്രത്യേക സംസ്ഥാന പദവി എന്ന നിതീഷ് കുമാറിന്‍റെ ആവശ്യം തള്ളിയെങ്കിലും, ബിഹാറിനു വാരിക്കോരി വിഹിതം നൽകുന്ന ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.

  • ബിഹാർ ഉൾപ്പെടെ അഞ്ച് കിഴക്കൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി പൂർവോദയ പദ്ധതി പ്രഖ്യാപിച്ചു.

  • ബിഹാറിലെ റോഡ് പദ്ധതികൾക്കു മാത്രം 26,000 കോടി രൂപ.

  • ബിഹാറിന് മറ്റ് ഏജൻസികൾ മുഖേനയും പ്രത്യേക സാമ്പത്തിക സഹായം ഉറപ്പാക്കും.

  • ബിഹാറിൽ കേന്ദ്ര സർക്കാർ വിമാനത്താവളങ്ങളും മെഡിക്കൽ കോളെജുകളും സ്പോർട്സ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കും.

  • നളന്ദയിൽ ടൂറിസം വികസനത്തിനു പ്രത്യേക പദ്ധതി

  • വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ബിഹാറിനു മാത്രം 11,000 കോടി രൂപ.

  • രണ്ട് ക്ഷേത്ര ഇടനാഴികൾക്കും പ്രത്യേകം തുക അനുവദിച്ചു.

വിദേശ നിക്ഷേപത്തിന് ഇന്ത്യൻ രൂപ

വിദേശ നിക്ഷേപത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ നടപടി. ഇതിന്‍റെ ഭാഗമായി വിദേശ കമ്പനികൾക്ക് ഇന്ത്യയിലും, ഇന്ത്യൻ കമ്പനികൾ വിദേശത്തും നിക്ഷേപം നടത്തുന്നതിനുമുള്ള ചട്ടങ്ങൾ ലഘൂകരിക്കും.

ധന കമ്മി 4.9 ശതമാനം

2024-25 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ധന കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ (GDP) 4.9 ‌ശതമാനം.

ആദായ നികുതി നിയമം പുനരവലോകനം ചെയ്യും

1961ൽ പാസാക്കിയ ആദായ നികുതി നിയമം പുനരവലോകനം ചെയ്യും. ആറു മാസത്തിനുള്ളിൽ ഇതു പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

സ്വർണത്തിനും വെള്ളിക്കും നികുതി കുറച്ചു

സ്വർണത്തിനു മേലുള്ള കസ്റ്റംസ് നികുതി ആറ് ശതമാനമായും, വെള്ളിക്കും പ്ലാറ്റിനത്തിനും ആറര ശതമാനമായും കുറച്ചു.

ഓൺലൈൻ ഷോപ്പിങ്ങിന് ചെലവ് കുറയും

ഇ-കൊമേഴ്സിനുള്ള ടിഡിഎസ് കുറച്ചു ഇ-കൊമേഴ്സ് ഓപ്പറേറ്റർമാർക്കുള്ള ടിഡിഎസ് (ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ്) 1 ശതമാനത്തിൽനിന്ന് 0.1 ശതമാനമായി കുറച്ചു. ഓൺലൈൻ ഷോപ്പിങ് കൂടുതൽ ലാഭകരമാകാൻ ഇതു സഹായിക്കും.

മൊബൈൽ ഫോണിന് വില കുറയും

മൊബൈൽ ഫോണുകൾക്കും ചാർജറുകൾക്കും മേലുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ 15 ശതമാനമായി കുറച്ചു. ഇതോടെ മൊബൈൽ ഫോണുകൾക്ക് വില കുറയാൻ സാധ്യത തെളിഞ്ഞു.

ബജറ്റ് അവതരണം പൂർത്തിയായി; കേരളത്തിന് ഒന്നുമില്ല

കേരളത്തിനു വേണ്ടി കാര്യമായ ഒരു പ്രഖ്യാപനം പോലുമില്ലാതെ കേന്ദ്ര ബജറ്റ് അവതരണം പൂർത്തിയായി. കേന്ദ്ര സർക്കാരിന്‍റെ നിലനിൽപ്പിനു പിന്തുണ ആവശ്യമുള്ള ബിഹാർ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളാണ് ബജറ്റ് വിഹിതത്തിൽ വലിയ പങ്കും പിടിച്ചുവാങ്ങിയിരിക്കുന്നത്. ഇരു സംസ്ഥാനങ്ങൾക്കുമായി നിരവധി പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച ധനമന്ത്രി നിർമല സീതാരാമൻ, മറ്റു ഭൂരിപക്ഷം സംസ്ഥാനങ്ങളെയും ഏറെക്കുറെ പൂർണമായി അവഗണിച്ചു.