സാമ്പത്തിക സ്ഥിരത, മനുഷ്യ മൂലധന വികസനം, വർധിച്ച തൊഴിൽ പങ്കാളിത്തം, സാമ്പത്തിക നയങ്ങൾക്കുള്ള പിന്തുണ തുടങ്ങിയ നിരവധി പ്രധാന കാരണങ്ങളാൽ, രാഷ്‌ട്രനിർമാണത്തിന്, പ്രത്യേകിച്ച് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, സാമൂഹ്യ സുരക്ഷ അനിവാര്യമാണെന്നതിൽ സംശയമില്ല. തൊഴിലില്ലായ്മ, രോഗം അല്ലെങ്കിൽ വിരമിക്കൽ തുടങ്ങിയ ആകസ്മിക തൊഴിൽ സാഹചര്യങ്ങളിൽ സാമ്പത്തിക സഹായം നൽകുന്നതിലൂടെ, ഉപഭോക്തൃ ചെലവുകൾ നിലനിർത്താനും സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാനും വളർച്ച പ്രോത്സാഹിപ്പിക്കാനും സാമൂഹ്യസുരക്ഷ സഹായിക്കുന്നു. വിശ്വസനീയമായ സുരക്ഷാവലയം വ്യക്തികളെ തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അതിലൂടെ രാജ്യത്തിന്‍റെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള വിശാലമായ സാമ്പത്തിക നയങ്ങൾ പിന്തുണയ്ക്കപ്പെടുന്നു.
തൊഴിൽ നിയമങ്ങളുടെ ക്രോഡീകരണം, പ്രധാനമന്ത്രി ശ്രംയോഗി മൻധൻ യോജന (PM-SYM), ദേശീയ പെൻഷൻ പദ്ധതി, വ്യാപാരി പദ്ധതി തുടങ്ങിയ സുപ്രധാന നയ തീരുമാനങ്ങളും നടപടികളും കേന്ദ്ര തൊഴിൽ മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്. തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ സുതാര്യതയും ഉത്തരവാദിത്വവും കൊണ്ടുവരുന്നതിനും ചട്ടങ്ങൾ പാലിക്കലുകൾ ലഘൂകരിക്കുന്നതിനുമായി ഏകീകൃത വെബ് പോർട്ടലായ "ശ്രം സുവിധ പോർട്ടലി'നും മന്ത്രായലം തുടക്കം കുറിച്ചു. കരിയർ കൗൺസിലിങ്, തൊഴിലധിഷ്ഠിത മാർഗനിർദേശം, നൈപുണ്യവികസന കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ, അപ്രന്‍റീസ്ഷിപ്പ്, ഇന്‍റേൺഷിപ്പ് മുതലായ തൊഴിൽ സംബന്ധിച്ച വിവിധ സേവനങ്ങൾ നൽകുന്നതിന് ദേശീയ തൊഴിൽ സേവനത്തിന്‍റെ പരിവർത്തനത്തിനായി എൻസിഎസും സമാരംഭിച്ചു. അസംഘടിത തൊഴിലാളികളുടെ ദേശീയ ഡേറ്റാ ബേസ് സൃഷ്ടിക്കുന്നതിനുള്ള "ഇ-ശ്രം' പോർട്ടലിന്‍റെ വികസനം, തൊഴിലവസരം പരമാവധി മനസിലാക്കുന്നതിനും സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ നേട്ടങ്ങൾ വിപുലീകരിക്കുന്നതിനും തൊഴിലാളികൾക്കു പ്രയോജനപ്പെടുത്തുന്നതിനുമായി ആധാറുമായി ബന്ധിപ്പിച്ചു. കൊവിഡ്-19 ബാധിച്ച് മരണമടഞ്ഞ, ഇൻഷ്വർ ചെയ്ത വ്യക്തികളുടെ (ഐപി) കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനുള്ള ഇഎസ്ഐസി കൊവിഡ്-19 പദ്ധതി, പ്രസവാനുകൂല്യത്തിന്‍റെ തോത് വർധിപ്പിക്കൽ, ഇഎസ്ഐസി സംഭാവനകളുടെ നിരക്ക് കുറയ്ക്കൽ എന്നിവയ്ക്കും ഇതു സഹായകമാകും.
തൊഴിൽ- ഉദ്യോഗ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി) നമ്മുടെ രാജ്യത്തെ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻപന്തിയിലാണ്. വൈവിധ്യമാർന്ന ആനുകൂല്യ പദ്ധതികളിലൂടെ, അതായത്, ചികിത്സാ- ധന ആനുകൂല്യങ്ങളിലൂടെ 7 പതിറ്റാണ്ടായി നമ്മുടെ രാജ്യത്തെ തൊഴിലാളികൾക്കു പ്രയോജനം ലഭിച്ചിട്ടുണ്ട്. നമ്മുടെ ശ്രമയോഗി കുടുംബങ്ങളുടെ ആരോഗ്യവും സാമൂഹ്യ സുരക്ഷയും പരിപാലിക്കുന്ന ഇഎസ്ഐസികഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചരിത്രപരമായ പുരോഗതി കൈവരിച്ചു. ഇക്കാലയളവിൽ, ഇഎസ്ഐസിസേവനങ്ങൾ 393ൽ നിന്ന് 674 ജില്ലകളിലേക്ക് വിപുലീകരിച്ചു. ഇതിലൂടെ ആരോഗ്യ സുരക്ഷയുടെ പ്രയോജനം ഇന്ന് 3.72 കോടി തൊഴിലാളി കുടുംബങ്ങളിലെത്തുന്നു. 2014ൽ ഇത് 1.95 കോടി മാത്രമായിരുന്നു. ഇന്ന് മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 2014ലെ 7.58 കോടിയിൽ നിന്ന് 2024ൽ 14.43 കോടിയായി ഉയർന്നു.
രാജ്യത്തെ തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയും ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും സമഗ്രമായി ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവയ്പായി, കേന്ദ്ര ഗവണ്മെന്‍റ് ഇഎസ്ഐസികളിലെമ്പാടുമായി 12,855 കോടി രൂപ വിലമതിക്കുന്ന നിരവധി ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും നിരവധി ആരോഗ്യ പരിപാടികൾക്കു തുടക്കം കുറിക്കുകയും ചെയ്തു. കേന്ദ്ര തൊഴിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ആയുഷ് മന്ത്രാലയം, രാസവസ്തു- രാസവളം മന്ത്രാലയത്തിന്‍റെ ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് എന്നിവയ്ക്കു കീഴിലാണ് പരിപാടികൾ നടപ്പാക്കുന്നത്.
ഈ പദ്ധതികളുടെ ഭാഗമായി, മധ്യപ്രദേശിലെ ഇന്ദോറില്‍ 300 കിടക്കകളുള്ള ഇഎസ്‌ഐസി ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. അത് 500 കിടക്കകളാക്കി ഉയര്‍ത്താന്‍ കഴിയും. ഇന്‍ഷ്വര്‍ ചെയ്ത ഏകദേശം 14 ലക്ഷം വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. കൂടാതെ, 1030 കിടക്കകളുള്ള 6 ഇഎസ്‌ഐ ആശുപത്രി പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. ബൊമ്മസാന്ദ്ര (കര്‍ണാടക), നര്‍സാപുര (കര്‍ണാടക), പിതാംപുര്‍ (മധ്യപ്രദേശ്), മേറഠ് (ഉത്തര്‍പ്രദേശ്), അച്യുതപുരം (ആന്ധ്രപ്രദേശ്), ഫരീദാബാദ് (ഹരിയാന) എന്നിവിടങ്ങളിലാണ് ഈ ആശുപത്രികള്‍. ഇന്‍ഷ്വര്‍ ചെയ്ത ഏകദേശം 41 ലക്ഷം വ്യക്തികളുടെയും ഗുണഭോക്താക്കളുടെയും ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഈ പദ്ധതികള്‍ക്കായുള്ള മൊത്തം നിക്ഷേപം 1641 കോടി രൂപയാണ്.
ഇഎസ്‌ഐസി ആശുപത്രികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്. പുതിയ ആശുപത്രികള്‍ സ്ഥാപിക്കുന്നതിലൂടെ, ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്‍റ് ലക്ഷ്യമിടുന്നു; പ്രത്യേകിച്ച് വ്യാവസായിക- അർധ നഗര പ്രദേശങ്ങളില്‍. ഔട്ട് പേഷ്യന്‍റ് പരിചരണം, കിടത്തിച്ചികിത്സാ സേവനങ്ങള്‍, അടിയന്തിര പരിചരണം, പ്രത്യേക ചികിത്സകള്‍ എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ ഈ ആശുപത്രികള്‍ വാഗ്ദാനം ചെയ്യും. ഗുണനിലവാരത്തിലുള്ള ഈ ശ്രദ്ധ തൊഴിലാളികള്‍ക്ക് സമയബന്ധിതവും ഫലപ്രദവുമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഇത് ആരോഗ്യകരമായ തൊഴില്‍ശക്തി നിലനിര്‍ത്തുന്നതിൽ നിര്‍ണായകമാണ്.
വിലമതിക്കാനാകാത്ത തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിലൂടെയും ഇഎസ്‌ഐസി ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിലൂടെയും ഈ സാമൂഹിക സുരക്ഷാ പരിപാടികള്‍ രാഷ്‌ട്രനിര്‍മാണത്തില്‍ ഒഴിച്ചുകൂടാനാകാത്ത പങ്ക് വഹിക്കുന്നു. തൊഴിലാളികളുടെ ക്ഷേമത്തിനും രാജ്യത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക ആരോഗ്യത്തിനുമുള്ള പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്ന, തൊഴില്‍ശക്തിയിലെ നിര്‍ണായക ആരോഗ്യ ആവശ്യങ്ങളെയാണ് കേന്ദ്ര ഗവണ്‍മെന്‍റ് ഇതിലൂടെ അഭിസംബോധന ചെയ്യുന്നത്.