ഉത്തർ പ്രദേശിൽ ഹലാൽ ഉത്പന്നങ്ങൾ നിരോധിച്ചു

കയറ്റുമതിക്കു മാത്രമായുള്ള ഉത്പന്നങ്ങൾക്ക് നിരോധനം ബാധകമല്ല
Uttar Pradesh Chief Minister Yogi Adityanath
Uttar Pradesh Chief Minister Yogi Adityanath
Updated on

ലക്‌നൗ: സംസ്ഥാനത്ത് ഹലാൽ മുദ്രയുള്ള മുഴുവൻ ഉത്പന്നങ്ങളുടെയും നിർമാണവും സംഭരണവും വിപണനവും ഉത്തർപ്രദേശ് സർക്കാർ നിരോധിച്ചു. ഭക്ഷ്യവസ്‌തുക്കൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങള്‍, സൗന്ദര്യവസ്തുക്കൾ തുടങ്ങിയവയ്ക്കെല്ലാം നിരോധനം ബാധകമാണ്. എന്നാൽ, കയറ്റുമതിക്കു വേണ്ടി മാത്രം നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് നിരോധനം ബാധകമല്ല.

ഗുണനിലവാരത്തിൽ സംശമുണ്ടാക്കുന്നുവെന്നതു കാരണം ചൂണ്ടിക്കാട്ടിയാണു നടപടി. ഹലാൽ മുദ്രയില്ലാത്ത ഉത്പന്നങ്ങൾ മോശമെന്ന പ്രചാരണത്തിലൂടെ ചിലർ അധാർമികമായ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും സമൂഹത്തിൽ വർഗീയ വേർതിരിവും വിദ്വേഷവും സൃഷ്ടിക്കുന്നുവെന്നും സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ ദുർബലപ്പെടുത്താനുള്ള ദേശ വിരുദ്ധ ശക്തികളുടെ ആസൂത്രിത നീക്കവും ഇതിനു പിന്നിലുണ്ടെന്നു സർക്കാർ. ഹലാൽ മുദ്രയും സർട്ടിഫിക്കെറ്റും നൽകുന്നവർക്കെതിരേയും കർശന നടപടിയുണ്ടാകുമെന്നു ഭക്ഷ്യ സുരക്ഷാ കമ്മിഷണർ അറിയിച്ചു.

ഹലാൽ സർട്ടിഫിക്കെറ്റില്ലാത്ത ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ഒരു പ്രത്യേക വിഭാഗം പ്രചാരണം നടത്തുകയാണ്. ഇത് ഇതര സമുദായങ്ങളുടെ വ്യാപാര താത്പര്യങ്ങളെ ബാധിക്കുന്നുവെന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷണർ. പാലും പാൽ ഉത്പന്നങ്ങളും ലഘുപാനീയങ്ങളും ബേക്കറി ഉത്പന്നങ്ങളും എണ്ണയും ഉൾപ്പെടെയുള്ളവയിലും ഹലാൽ മുദ്ര പതിക്കുന്നതായി അടുത്തിടെ യുപി സർക്കാരിനു പരാതി ലഭിച്ചിരുന്നു. കൂടാതെ മരുന്നുകളിലും ചികിത്സാ ഉപകരണങ്ങളിലും സൗന്ദര്യ വർധക വസ്തുക്കളിലും ഹലാൽ മുദ്ര പതിപ്പിക്കപ്പെട്ടു.

നിയമപരമായി സർക്കാരിന്‍റേതല്ലാത്ത ഒരു മുദ്രയും ഇവയിൽ പാടില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. നിയമപ്രകാരം ഭക്ഷ്യ സുരക്ഷാ നിലവാര അഥോറിറ്റിക്കു (എഫ്എസ്എസ്എഐ) മാത്രമാണ് ഭക്ഷ്യവസ്തുക്കളിൽ മുദ്ര പതിപ്പിക്കാനുള്ള അവകാശമെന്നും സർക്കാർ വ്യക്തമാക്കി.

റീട്ടെയ‌്‌ൽ ഉത്പന്നങ്ങൾക്ക് ഹലാൽ സാക്ഷ്യപത്രം നൽകിയതിന് ഒരു കമ്പനിക്കും മൂന്നു സംഘടനകൾക്കുമെതിരേ കേസെടുത്തതിന് പിന്നാലെയാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ചെന്നൈയിലെ ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഡൽഹിയിലെ ജമിയത്ത് ഉലമ ഐ ഹിന്ദ് ഹലാൽ ട്രസ്റ്റ്, മുംബൈയിലെ ഹലാൽ കൗൺസിൽ ഒഫ് ഇന്ത്യ, ജമിയത്ത് ഉലമ മഹാരാഷ്‌ട്ര എന്നിവ ഹലാൽ സർട്ടിഫിക്കെറ്റുകൾ നൽകി ഒരു പ്രത്യേക വിഭാഗത്തിനിടയിൽ വിപണനം വർധിപ്പിക്കുകയാണെന്ന് എഫ്ഐആറിൽ പറയുന്നു.

എന്നാൽ, ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് ജമിയത്ത് ഉലമ ഐ ഹിന്ദ് ഹലാൽ ട്രസ്റ്റ് പറഞ്ഞു. തെറ്റായ പ്രചാരണത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ട്രസ്റ്റ്. വാണിജ്യ - വ്യവസായ മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തിൽ നിർദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിച്ചാണു തങ്ങൾ പ്രവർത്തിക്കുന്നത്. പല കാരണങ്ങളാൽ തങ്ങൾക്ക് ഉപയോഗിക്കാൻ താത്പര്യമില്ലാത്ത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വലിയൊരു വിഭാഗം ജനങ്ങൾക്ക് സഹായകമാണ് ഈ സർട്ടിഫിക്കെറ്റ്. ഇതിനോടു വിയോജിപ്പുള്ളവർക്ക് മറ്റ് ഉത്പന്നങ്ങൾ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്നും ട്രസ്റ്റ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.