ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ പൂജ ഖേദ്കറുടെ ഐഎഎസ് റദ്ദാക്കി യുപിഎസ്‌സി. സിവിൽ സർവീസ് പരീക്ഷകൾ എഴുതുന്നതിൽ നിന്നും സെലക്ഷനിൽ നിന്നും ആജീവനാന്തം വിലക്കിയിട്ടുമുണ്ട്. പൂജ ഖേദ്കറെ മഹാരാഷ്‌ട്ര സർക്കാരിന്‍റെ ജില്ലാ പരിശീലന പരിപാടിയിൽ നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. 2023 ബാച്ച് ഉദ്യോഗസ്ഥയായ പൂജയുടെ ഒബിസി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ സംശയത്തിലാണ്. ജൂലൈ 25നുള്ളിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണമെന്ന് യുപിഎസ്‌സി പൂജയോട് വ്യക്തമാക്കിയിരുന്നു.
മറുപടി നൽകാൻ ഓഗസ്റ്റ് 5 വരെ സമയം നൽകണമെന്ന് പൂജ ആവശ്യപ്പെട്ടു. എന്നാൽ അപേക്ഷ പരിഗണിച്ച് ജൂലൈ 30 വരെ യുപിഎസ്‌സി മറുപടി നൽകാനായി സമയം നീട്ടി നൽകി. നൽകിയ സമയത്തിനുള്ളിൽ മറുപടി നൽകാഞ്ഞതിനു പിന്നാലെയാണ് യുപിഎസ്‌സി നടപടി സ്വീകരിച്ചിരിക്കുന്നത്.
വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് പൂജയുടെ അച്ഛൻ. തുടക്കത്തിൽ പൂനെ അസിസ്റ്റന്‍റ് കലക്റ്ററായി നിയമിച്ച പൂജയെ വിവാദമുയർന്നതോടെ വാഷിമിലേക്കു മാറ്റിയിരുന്നു. അധികാര ദുർവിനിയോഗത്തിന് സ്ഥലംമാറ്റപ്പെട്ട ഇവർ കുറ്റക്കാരിയെന്നു കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കുകയും ചെയ്തിരുന്നു.
സ്വകാര്യ ഓഡി കാറിൽ ചുവപ്പ്, നീല നിറങ്ങളിൽ ബീക്കൺ ലൈറ്റ് ഘടിപ്പിക്കുകയും മഹാരാഷ്‌ട്ര സർക്കാർ എന്നെഴുതിയ സ്റ്റിക്കർ ഒട്ടിക്കുകയും ചെയ്തതോടെയാണു പൂജ ആദ്യം വിവാദത്തിലായത്.
ചുമതലയേൽക്കുന്നതിന് മുമ്പ് പ്രത്യേക വീടും കാറും വേണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചിരുന്നു. സർട്ടിഫിക്കറ്റിൽ തിരിമറി നടത്തിയാണ് ഐഎഎസ് നേടിയത് എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് ഇവർക്കെതിരേ ഉയർന്നിരുന്നത്.