സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഏക സിവിൽ കോഡ് കൊണ്ടുവരുന്ന സംസ്ഥാനമായി മാറുകയാണ് ഉത്തരാഖണ്ഡ്. ഗുജറാത്ത്, അസം, രാജസ്ഥാൻ സർക്കാരുകളും വൈകാതെ സമാന ബില്ലുകൾ അവതരിപ്പിക്കും. അടുത്ത പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തിയാൽ ദേശീയ തലത്തിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഏക സിവിൽ കോഡ് (യുസിസി) എങ്ങനെയായിരിക്കും എന്നതിന്‍റെ തിരനോട്ടങ്ങളാണ് പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവതരിപ്പിക്കുന്ന യുസിസി ബില്ലുകൾ.
എല്ലാവർക്കും തുല്യത എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ ബിൽ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പുഷ്കർ ധാമി അവകാശപ്പെട്ടു. ബില്ലിനോട് എതിർപ്പില്ലെന്ന് അറിയിച്ച കോൺഗ്രസ് നിലപാടിലൂടെ, ദേശീയതലത്തിലും കാര്യമായ എതിർപ്പില്ലാതെ ബിൽ നടപ്പാകുമെന്ന സൂചനയാണ് ശക്തമാക്കുന്നത്.
വിവാഹപ്രായം ആൺകുട്ടികൾക്ക് 21 വയസും പെൺകുട്ടികൾക്ക് 18 വയസും.
വിവാഹ, വിവാഹമോചന കാര്യങ്ങളിൽ സ്ത്രീപുരുഷന്മാർക്ക് തുല്യാവകാശം.
ഹലാല, ഇദ്ദത്ത്, മുത്തലാഖ് തുടങ്ങിയവ പാടില്ല. ഹലാല പിന്തുടർന്നാൽ 3 വർഷം തടവും ലക്ഷം രൂപ പിഴയും.
ദമ്പതിമാരിലൊരാൾ മറ്റൊരാളുടെ സമ്മതമില്ലാതെ മതം മാറിയാൽ വിവാഹമോചനത്തിനും ജീവനാശത്തിനും രണ്ടാമന് അവകാശം.
ബഹുഭാര്യാത്വം പാടില്ല.
വിവാഹവും വിവാഹമോചനവും രജിസ്റ്റർ ചെയ്യണം. ഇല്ലെങ്കിൽ സർക്കാർ ആനുകൂല്യങ്ങൾ നഷ്ടമാകും.
വിവാഹമോചന, ഗാർഹിക തർക്ക കേസുകളിൽ അഞ്ച് വയസുവരെയുള്ള കുട്ടിയുടെ സംരക്ഷണം അമ്മയ്ക്ക്.
എല്ലാ ജാതി-മത വിഭാഗങ്ങളിലും ആൺ/പെൺ മക്കൾക്ക് തുല്യാവകാശം.
അവിഹിത ബന്ധം, ദത്ത്, വാടക ഗർഭധാരണം, അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി എന്നിവയിലൂടെയുള്ള കുട്ടികളും യഥാർഥ മക്കളായി പരിഗണിക്കപ്പെടും.
ഒരാളുടെ മരണശേഷം അയാളുടെ സ്വത്തിൽ ഭാര്യക്കും കുട്ടികൾക്കും തുല്യാവകാശം. മാതാപിതാക്കൾക്കും അവകാശം.
ഗർഭസ്ഥ ശിശുവിനും സ്വത്തവകാശം.
ലിവ്-ഇൻ പങ്കാളികൾ അത്തരം ബന്ധങ്ങളും സർക്കാരിൽ രജിസ്റ്റർ ചെയ്യണം. അല്ലാതെ ഒരുമിച്ച് താമസിക്കുന്നത് ശിക്ഷാർഹം.