ന്യൂഡൽഹി: വന്ദേ ഭാരത് ട്രെയിനിന്‍റെ ആദ്യത്തെ സ്ലീപ്പർ പതിപ്പ് പാളത്തിലേറ്റാൻ ഇന്ത്യൻ റെയിൽവേ തയാറെടുക്കുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ ട്രെയിനിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. 2024 മാർച്ചിനുള്ളിൽ ഇത് ഓടിത്തുടങ്ങുമെന്നാണ് സൂചന.
നിലവിലുള്ള വന്ദേ ഭാരത് ട്രെയിനുകളിലൊന്നും സ്ലീപ്പർ സൗകര്യമില്ല. അതിനാൽ തന്നെ രാത്രി യാത്ര സൗകര്യപ്രദമല്ല. സ്ലീപ്പർ ട്രെയിൻ വരുന്നതോടെ രാത്രിയോടുന്ന ദീർഘദൂര സർവീസുകൾക്കും വന്ദേ ഭാരത് ഉപയോഗിക്കാൻ സാധിക്കും.
വന്ദേ മെട്രൊയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു വിസ്മയം. ഹ്രസ്വദൂര യാത്രകൾക്കുള്ള 12-കോച്ച് ട്രെയിനായിരിക്കും ഇത്. 2024 ജനുവരിയിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നു.
വന്ദേ ഭാരതിന്‍റെ നോൺ-എസി പതിപ്പായ 22 കോച്ചുള്ള പുഷ് പുൾ ട്രെയിനും പരിഗണനയിലാണ്.
വന്ദേ ഭാരത് ട്രെയിൻ സർവീസുകളുടെ എണ്ണം നിലവിൽ 50 പിന്നിട്ടുണ്ട്. 2019 ഫെബ്രുവരിയിലാണ് ആദ്യ സർവീസ് ആരംഭിച്ചത്. ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്റ്ററിയിലാണ് ഇവ നിർമിക്കുന്നത്. തദ്ദേശീയമായി സെമി ഹൈസ്പീഡ് ട്രെയിനുകൾ നിർമിക്കാനുള്ള പദ്ധതി 2017ന്‍റെ പകുതിയിൽ അവതരിപ്പിച്ച് ഒന്നര വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കുകയായിരുന്നു.