ന്യൂഡൽഹി: പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു. 84 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ഡൽഹി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 7 മാസത്തോളമായി യാമിനി ഐസിയുവിൽ ചികിത്സയിലായിരുന്നുവെന്ന് മാനേജർ ഗണേഷ് വ്യക്തമാക്കി. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും പ്രഗത്ഭയായ യാമിനിയെ രാജ്യം പത്മശ്രീ(1968), പത്മഭൂഷൺ(2001), പത്മവിഭൂഷൺ (2016) എന്നീ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.
മൃതദേഹം യാമിനി സ്കൂൾ ഓഫ് ഡാൻസിനു വിട്ടു കൊടുക്കും. രണ്ടു സഹോദരിമാർക്കൊപ്പമായിരുന്നു യാമിനി താമസിച്ചിരുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തെ ആസ്ഥാന നർത്തകിയായിരുന്നു യാമിനി. എ പാഷൻ ഫോർ ഡാൻസ് എന്ന പേരിൽ ആത്മകഥ രചിച്ചിട്ടുണ്ട്.