സീതാറാം... ലാൽസലാം

അന്ത്യം ഡല്‍ഹി എയിംസിൽ ചികിത്സയിലിരിക്കെ
അന്ത്യം ഡല്‍ഹി എയിംസിൽ ചികിത്സയിലിരിക്കെ | CPM General Secretary Sitaram Yechury passes away
സീതാറാം യെച്ചൂരി
Updated on

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ഡൽഹിയിലെ എയിംസിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 3.03നാണ് അന്ത്യം. കടുത്ത പനിയെത്തുടർന്ന് ഓഗസ്റ്റ് 19നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച എയിംസ് മോർച്ചറിയിൽ സൂക്ഷിച്ച ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ ഒമ്പതിനു വസന്ത് കുഞ്ജിലെ വസതിയിലെത്തിക്കും. ഇവിടെ നേതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും ഇവിടെ ആദരാഞ്ജലിയർപ്പിക്കും. ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ ഡൽഹിയിലെ സിപിഎം ആസ്ഥാനത്ത് പൊതുദർശനം. തുടർന്ന് ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനുവേണ്ടി എയിംസിന് വിട്ടുനൽകും.

പ്രത്യേകമായി ഓക്സിജൻ നൽകിയാണ് യെച്ചൂരിയുടെ ചികിത്സ നടത്തിവന്നിരുന്നത്. ഇതിനിടെ ശ്വാസകോശത്തിൽ ഫംഗൽ ബാധ കൂടിയുണ്ടായതോടെ നില വഷളായി. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന യെച്ചൂരിയുടെ നില ഏതാനും ദിവസങ്ങളായി അതീവ ഗുരുതരമായിരുന്നു.

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മരണത്തിൽ അനുശോചനമറിയിച്ച് കഴിഞ്ഞ 22ന് യെച്ചൂരി വിഡിയൊ സന്ദേശം പുറത്തിറക്കിയിരുന്നു. ഭട്ടാചാര്യയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ നേരിട്ട് എത്താനാകാത്തത് തനിക്കു വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. യെച്ചൂരിയെ അവസാനമായി പുറംലോകം കണ്ടതും അന്നാണ്.

ആന്ധ്ര പ്രദേശ് സ്വദേശികളായ സർവേശ്വര സോമയാജി യെച്ചൂരിയുടെയും കൽപ്പകം യെച്ചൂരിയുടെയും മകനായി ചെന്നൈയിൽ ജനിച്ച സീതാറാം യെച്ചൂരി ഉപരിപഠനത്തിനായി ഡൽഹിയിലെത്തിയതോടെയാണ് രാഷ്‌ട്രീയത്തിലേക്കു വഴിമാറുന്നത്. ജെഎൻയുവിൽ എസ്എഫ്ഐ നേതാവായാണു പൊതുജീവിതത്തിൽ തുടക്കം.

മുപ്പത്തിരണ്ടാം വയസിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ അദ്ദേഹം നാൽപ്പതാം വയസിൽ പൊളിറ്റ് ബ്യൂറോയിലെത്തി. 2005 മുതൽ 2017 വരെ രാജ്യസഭാംഗമായിരുന്നു. 2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ടിന്‍റെ പിൻഗാമിയായാണ് സിപിഎം ജനറൽ സെക്രട്ടറിയായത്.

സിപിഎമ്മിന്‍റെ അഞ്ചാം ജനറൽ സെക്രട്ടറിയായിരുന്നു യെച്ചൂരി. പൊതുപ്രവർത്തനകാലം പൂർണമായി ദേശീയ രാഷ്‌ട്രീയത്തിൽ പ്രവർത്തിച്ച നേതാവായ യെച്ചൂരി, ഐക്യമുന്നണി, ഒന്നാം യുപിഎ സർക്കാരുകളുടെയും 'ഇന്ത്യ' മുന്നണിയുടെയും രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചു.

Trending

No stories found.

Latest News

No stories found.