ജയ്പുർ: രാജസ്ഥാനിലെ രന്തംബോർ കടുവസങ്കേതത്തിൽ ഗ്രാമവാസിയെ കൊലപ്പെടുത്തിയ കടുവയെ ആളുകൾ കല്ലെറിഞ്ഞുകൊന്നു. 12 വയസുള്ള ടി 86 എന്ന കടുവയെയാണു ഞായറാഴ്ച ഉച്ചയ്ക്ക് ഉലിയാന ഗ്രാമത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കടുവയുടെ മുഖത്ത് കല്ലേറു കൊണ്ടുള്ള മുറിവുകളുണ്ട്. മഴു ഉൾപ്പെടെ ആയുധങ്ങൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട കടുവയുടെ ശരീരത്തിൽ ആഴ്ചകൾ പഴക്കമുള്ള മുറിവും കണ്ടെത്തി. ഇതു മറ്റൊരു കടുവയുടെ ആക്രമണത്തിലുണ്ടായതെന്നു കരുതുന്നു.
ശനിയാഴ്ച ഗ്രാമവാസിയായ ഭരത് ലാൽ മീണ (51) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മീണയുടെ മൃതദേഹം കണ്ടെത്തിയ അതേസ്ഥലത്താണു കടുവയുടെ ജഡം കണ്ടത്. കാലികളെ മേയ്ക്കുമ്പോഴാണു മീണ ആക്രമിക്കപ്പെട്ടത്. ഗ്രാമീണരെത്തി ബഹളം കൂട്ടിയതോടെയാണു ജഡത്തിനു സമീപത്തു നിന്ന് കടുവ കാട്ടിലേക്കു മറിഞ്ഞത്. വനംവകുപ്പിനെതിരേ ഗ്രാമീണർ സവായ് മധോപുർ- കുന്ദേര റോഡ് ഉപരോധിച്ചിരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട കടുവ സങ്കേതങ്ങളിലൊന്നാണു രന്തംബോർ. 70 കടുവകൾ ഇവിടെയുണ്ട്.