വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നു

രാജ്യത്തിന്‍റെ മകളായ വിനേഷ് ഫോഗട്ട് കോൺഗ്രസിന്‍റെ മാത്രം മകളായി മാറിയെന്നു ബിജെപി
Vinesh Phogat and Bajrang Punia joined Congress party
വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നു
Updated on

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്ക് ബലം നൽകി ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഡൽഹിയിലെ വസതിയിൽ സന്ദർശിച്ചാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഹരിയാനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപക് ബാബറിയ, ഹരിയാന പിസിസി അധ്യക്ഷൻ ഉദയ് ഭാൻ, കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.

പാർട്ടി അംഗത്വം സ്വീകരിക്കുന്നതിനു മുന്നോടിയായി വിനേഷ് ഫോഗട്ട് റെയ്‌ൽവേയിലെ ജോലി രാജിവച്ചു. ബുധനാഴ്ച വിനേഷ്, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചിരുന്നു. ഇതേത്തുടർന്ന് വിനേഷിന് റെയ്‌ൽവേ കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്ന് വേണുഗോപാൽ. രാഷ്‌ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലൂടെ സർവീസ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു നോട്ടീസ്. പ്രതിപക്ഷ നേതാവിനെ കാണുന്നത് കുറ്റമാണോ എന്നും വേണുഗോപാൽ ചോദിച്ചു.

ഇരുവരും മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യം പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയാണു തീരുമാനിക്കേണ്ടതെന്നും വേണുഗോപാൽ പറഞ്ഞു. ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചപ്പോൾ കോൺഗ്രസാണ് പിന്തുണച്ചതെന്നു വിനേഷും പൂനിയയും പറഞ്ഞു. ബിജെപി അപ്പോഴും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനൊപ്പമായിരുന്നെന്നും ഇവർ. താൻ പുതിയ ഇന്നിങ്സ് തുടങ്ങുകയാണെന്നു വിനേഷ് ഫോഗട്ട് പറഞ്ഞു. എന്നാൽ, രാജ്യത്തിന്‍റെ മകളായ വിനേഷ് ഫോഗട്ട് കോൺഗ്രസിന്‍റെ മാത്രം മകളായി മാറിയെന്നു ബിജെപി പ്രതികരിച്ചു.

ടോക്കിയൊ ഒളിംപിക്സിൽ വെങ്കല മെഡൽ ജേതാവാണു പൂനിയ. പാരിസ് ഒളിംപിക്സിൽ ഗുസ്തിയിൽ ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായിരുന്നു വിനേഷ്. എന്നാൽ, ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ അയോഗ്യയാക്കപ്പെട്ടു. താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ബ്രിജ്ഭൂഷണെതിരേ നടത്തിയ പ്രക്ഷോഭത്തിന്‍റെ മുൻ നിരയിൽ നിന്നവരാണ് പൂനിയയും വിനേഷും സാക്ഷി മാലിക്കും.

Trending

No stories found.

Latest News

No stories found.