ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതി തെരഞ്ഞെടുപ്പിൽ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് അർജുന പുരസ്കാരവും ഖേൽ രത്ന പുരസ്കാരവും പ്രധാനമന്ത്രിയുടെ ഓഫിസിനു മുന്നിലെ വഴിയിൽ ഉപേക്ഷിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. രണ്ടു ദിവസം മുൻപേ താൻ പുരസ്കാരങ്ങൾ മടക്കി നൽകുന്നതായി കാണിച്ച് ഫോഗട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തു നൽകിയിരുന്നു. അതിനു പിന്നാലെയാണ് താരം നേരിട്ട് പുരസ്കാരങ്ങളുമായി പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് പോകാൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ ജീവനക്കാർ കടത്തിവിടില്ലെന്ന് അറിയിച്ചതോടെ താരം പുരസ്കാരങ്ങൾ കർത്തവ്യ പഥിൽ ഉപേക്ഷിച്ച് മടങ്ങി.
ദേശീയ ഗുസ്തി ഫെഡറേഷനുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും വിവാദങ്ങളിലും അതീവ നിരാശ തോന്നുന്നുവെന്നാണ് ഫോഗട്ട് പ്രധാനമന്ത്രിക്കുള്ള കത്തിൽ എഴുതിയിരുന്നത്. ഞങ്ങൾക്ക് ലഭിച്ച പുരസ്കാരങ്ങളും മെഡലുകളും ഞങ്ങളുടെ ജീവനെപ്പോലെ തന്നെ ഞങ്ങൾക്ക് വിലപ്പെട്ടതാണ്.
ഞങ്ങളീ മെഡലുകൾ സ്വന്തമാക്കിയപ്പോൾ ഈ രാജ്യം മുഴുവൻ അഭിമാനത്തോടെ അതാഘോഷമാക്കിയിരുന്നു. ഇപ്പോൾ നീതിക്കു വേണ്ടി ശബ്ദമുയർത്തിയപ്പോൾ ഞങ്ങളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നു. പ്രധാനമന്ത്രി പറയൂ.. ഞങ്ങൾ രാജ്യദ്രോഹികളാണോ എന്നും ഫോഗട്ട് കത്തിൽ എഴുതിയിരുന്നു.
ലൈംഗികാരോപണം നേരിടുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരേ സമരം നടത്തിയവരിൽ പ്രധാനികളായിരുന്നു ഗുസ്തിതാരങ്ങലായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബ്ജരംഗ് പുനിയ എന്നിവർ. ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്‍റെ വിശ്വസ്തൻ സഞ്ജയ് സിങ്ങിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തതാണ് വീണ്ടും പ്രതിഷേധം കനക്കാൻ ഇടയാക്കിയത്. ഭരണസമിതിയെ തെരഞ്ഞെടുത്തതിനു പിന്നാലെ ഗുസ്തിയിൽ നിന്ന് വിരമിക്കുകയാണെന്ന് സാക്ഷി മാലിക് പ്രഖ്യാപിച്ചു. ബ്ജരംഗ് പുനിയ പുരസ്കാരങ്ങൾ വഴിയിലുപേക്ഷിച്ച് മടങ്ങുകയും ചെയ്തു. അതിനു പുറകേ കായികമന്ത്രാലയം ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഗുസ്തി താരങ്ങൾ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയിട്ടില്ല.