കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തദ്ദേശസ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനിടെ സംഘർഷം. മൂന്നു പേർ മരിച്ചതായി റിപ്പോർട്ട്. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുൻപു തന്നെ അക്രമം ആരംഭിക്കുകയായിരുന്നു. കൂച്ച് ബീഹാറില്‍ അക്രമികള്‍ പോളിങ് ബൂത്ത് തകര്‍ക്കുകയും ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടുകയും ചെയ്തു. ബസുദേവ്പുരില്‍ സിപിഎം പ്രവര്‍ത്തകര്‍ ഗവര്‍ണറെ തടഞ്ഞു. മുര്‍ഷിദാബാദിലെ കോണ്‍ഗ്രസ്– തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് ഏറ്റുമുട്ടൽ. തെരഞ്ഞെടുപ്പിന് വൻ സുരക്ഷ ഒരുക്കിയെങ്കിലും വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ സംസ്ഥാനത്ത് അക്രമങ്ങൾ വ്യാപകമാണ്. നാമനിർദേശ പത്രിക സമർപ്പിച്ചതു മുതൽ 23 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 65,000 കേന്ദ്ര സേനയെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനം എങ്ങോട്ടെന്നതിന്‍റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പെന്നതു കൊണ്ടു തന്നെ തൃണമൂൽ, ബിജെപി, സിപിഎം പാർട്ടികൾക്ക് ഇത് നിർണ്ണായകമാണ്.
5.67 കോടി വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്കെത്തുക. 22 ജില്ലകളിലായി പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.