രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ ജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ച് ബംഗാൾ ഗവർണർ

സന്ദേശ്ഖാലിയിലടക്കം സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടി പ്രവർത്തിച്ചതിന് തൃണമൂൽ കോൺഗ്രസിന്‍റെ പ്രതികാരമാണ് ഈ നീക്കമെന്ന് ആനന്ദബോസ് പറഞ്ഞിരുന്നു.
രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ ജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ച് ബംഗാൾ ഗവർണർ
Updated on

കോൽക്കത്ത: താത്കാലിക ജീവനക്കാരി തനിക്കെതിരേ ലൈംഗികാതിക്രമ പരാതി നൽകിയതിനു മറുപടിയായി രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ ജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ച് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. ഏപ്രിൽ 24നും മേയ് രണ്ടിനും താൻ ലൈംഗികാതിക്രമം നേരിട്ടെന്നാണു ജീവനക്കാരിയുടെ പരാതി. രാജ്ഭവന്‍റെ പ്രധാന കവാടത്തിലെ രണ്ടു സിസിടിവികളിൽ നിന്നുള്ള 69 മിനിറ്റ് നീണ്ട ദൃശ്യങ്ങളാണ് നൂറോളം പേർക്കു മുന്നിൽ ഗവർണർ പ്രദർശിപ്പിച്ചത്. മുഖ്യമന്ത്രി മമത ബാനർജിയും പൊലീസും ഒഴികെയുള്ള വരെ ദൃശ്യം കാണിക്കുമെന്ന് ആനന്ദബോസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

മൂന്നു ഭാഗങ്ങളായുള്ള സിസിടിവി ദൃശ്യത്തിൽ ഗവർണറില്ല. സത്യം വിശ്വസിക്കുക എന്ന പേരിൽ നടത്തിയ പ്രദർശനത്തിൽ വൈകിട്ട് 5.32നും 6.41നും ഇടയിലുള്ള ദൃശ്യങ്ങളാണുള്ളത്. രണ്ടു തവണ ഇതിൽ നീല ജീൻസും ടോപ്പും ധരിച്ച പരാതിക്കാരിയെ കാണാം. രാജ്ഭവൻ വളപ്പിലെ പൊലീസ് എയ്ഡ് പോസ്റ്റിലേക്കു കയറിപ്പോകുന്നതാണ് ആദ്യ ദൃശ്യം. ഇവിടെ നിന്നു തിരികെയെത്തി അടുത്തുള്ള മുറിയിലേക്കു പോകുന്നതാണു രണ്ടാമത്തെ കാഴ്ച.

ഈ മാസം മൂന്നിന് സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു റാലികളുണ്ടായിരുന്നു. ഇതിനായി രണ്ടിന് എത്തിയ പ്രധാനമന്ത്രി രാജ്ഭവനിലായിരുന്നു തങ്ങിയത്. അതുകൊണ്ടു തന്നെ രാജ്ഭവനിൽ കനത്ത പൊലീസ് വിന്യാസമുണ്ടായിരുന്നതും ദൃശ്യത്തിലുണ്ട്. എല്ലാവരും ദൃശ്യം കണ്ട് സത്യം തിരിച്ചറിയട്ടെയെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു. പരാതിക്കാരിയുടെ പെരുമാറ്റത്തിൽ ഒരു അസ്വാഭാവികതയുമില്ലെന്ന് സിസിടിവി ദൃശ്യം കാണാനെത്തിയ പ്രൊഫ. തുഷാർ കാന്തി മുഖർജി പറഞ്ഞു.

ഏപ്രിൽ 24ന് ഉച്ചയ്ക്ക് 12.45 ഓടെ രാജ്ഭവനിലെ ഗവർണറുടെ ഓഫിസിലും മേയ് രണ്ടിന് കോൺഫറൻസ് റൂമിലും വച്ച് തനിക്കെതിരേ ലൈംഗികാതിക്രമമുണ്ടായി എന്നാണ് ജീവനക്കാരിയുടെ പരാതി. സന്ദേശ്ഖാലിയിലടക്കം സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടി പ്രവർത്തിച്ചതിന് തൃണമൂൽ കോൺഗ്രസിന്‍റെ പ്രതികാരമാണ് ഈ നീക്കമെന്ന് ആനന്ദബോസ് പറഞ്ഞിരുന്നു. ഗവർണറെന്ന നിലയിൽ ഭരണഘടനാ സംരക്ഷണം ഉള്ളതിനാൽ തനിക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ലെന്നും ആനന്ദബോസ് വ്യക്തമാക്കിയിരുന്നു. പശ്ചിമ ബംഗാൾ പൊലീസിന്‍റെ അന്വേഷണത്തോട് സഹകരിക്കേണ്ടെന്നാണ് രാജ്ഭവൻ ജീവനക്കാർക്ക് ഗവർണറുടെ നിർദേശം.

Trending

No stories found.

Latest News

No stories found.