ന്യൂഡൽഹി: കഴിഞ്ഞ 3 ദിവസം ആഗ്രയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ താജ്‌മഹലിന്‍റെ പ്രധാന താഴികക്കുടത്തിൽ വെള്ളം ചോർന്നതായി റിപ്പോർട്ട്. കനത്ത മഴയെ തുടർന്നാണ് ചോർച്ചയുണ്ടായതെന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) അധികൃതർ പറഞ്ഞു.
പതിനേഴാം നൂറ്റാണ്ടിലെ സ്മാരകത്തിന്‍റെ പ്രധാന താഴികക്കുടത്തിൽ ഈർപ്പം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഡ്രോൺ ക്യാമറ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി. അപകടകരമായ സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
മഴയെത്തുടർന്ന് താജ്‌മഹലിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളം കെട്ടിയതിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർച്ചയായുള്ള മഴയിൽ ആഗ്രയുടെ പലഭാഗങ്ങളും വെള്ളക്കെട്ടിലാണ്. വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ദേശീയപാതയിൽ ഗതാഗതം സ്‌തംഭിച്ചു.