ന്യൂഡൽഹി: കായികമന്ത്രാലയത്തിന്‍റെ നടപടിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സസ്പെൻഷനിലായ ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതി. സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 16നു ചേരും. അടുത്ത ആഴ്ച തന്നെ കോടതിയെ സമീപിക്കുമെന്നാണ് സൂചന. സഞ്ജയ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയാണ് കായികമന്ത്രാലയം സസ്പെൻഡ് ചെയ്തത്. നിലവിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയാണ് ഗുസ്തി ഫെഡറേഷന്‍റെ ദൈനംദിനകാര്യങ്ങൾ നടപ്പാക്കുന്നത്. എന്നാൽ സസ്പെൻഷനെയും അഡ്ഹോക് കമ്മിറ്റിയെയും അംഗീകരിക്കുന്നില്ലെന്ന് ഭരണസമിതി അംഗങ്ങൾ പറയുന്നു.
ഫെഡറേഷന്‍റെ ശരിയായ നടത്തിപ്പാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ജനാധിപത്യപരമായാണ് ഞങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്. അതു കൊണ്ടു തന്നെ സസ്പെൻഷൻ അംഗീകരിക്കാനാകില്ലെന്നും പ്രസിഡന്‍റ് സഞ്ജയ് സിങ് പറഞ്ഞു. ലൈംഗികാരോപണക്കേസിലെ പ്രതി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ വിശ്വസ്തനാണ് സഞ്ജയ് സിങ്. ഇക്കാരണത്താൽ തന്നെ ഭരണസമിതിയെ തെരഞ്ഞെടുത്തതിനു പിന്നാലെ ഗുസ്തി താരങ്ങൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. നിയമം ലംഘിച്ച് മത്സരങ്ങൾ പ്രഖ്യാപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കായികമന്ത്രാലയം ഫെഡറേഷൻ ഭരണസമിതിയെ സസ്പെൻഡ് ചെയ്തത്.
പദ്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ തിരിച്ചു നൽകിക്കൊണ്ടുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധവും സർക്കാരിനെ സമ്മർദത്തിലാക്കിയിരുന്നു. അതിനിടെ തങ്ങളുടെ കരിയർ നശിപ്പിക്കുന്നുവെന്നാരോപിച്ച സാക്ഷി മാലിക്, ബജ്‌രംഗ് പൂനിയ, വിനോഷ് ഫോഗട്ട് എന്നിവർക്കെതിരേ ജൂനിയർ ഗുസ്തി താരങ്ങൾ ഡൽഹിയിൽ സമരം നടത്തിയിരുന്നു.