സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

മമതയുടെ ആരോപണം തെറ്റാണെന്നും ആരെയും പുറത്താക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പലതവണ വിശദീകരിച്ചത് ഈ സാഹചര്യത്തിലാണ്
സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ
caa
Updated on

ബോൻഗാവ്: പൗരത്വ നിയമ ഭേദഗതി (സിഎഎ) നടപ്പാക്കിയതിൽ രാജ്യത്ത് വിവാദം തുടരുമ്പോൾ നിയമം ഏറ്റവും കൂടുതൽ ബാധിക്കുന്ന പശ്ചിമ ബംഗാളിലെ ബോൻഗാവിൽ ആശയക്കുഴപ്പമാണ്. കിഴക്കൻ ബംഗാളിൽ (ഇന്നത്തെ ബംഗ്ലാദേശ്) നിന്നു കുടിയേറിയ ഹിന്ദു അഭയാർഥികളായ മതുവ സമുദായാംഗങ്ങൾ ഏറെയുള്ള പ്രദേശമാണിത്. ബോൻഗാവിന്‍റെ രാഷ്‌ട്രീയ, സാമൂഹിക രംഗങ്ങളിൽ മതുവ വിഭാഗത്തിന്‍റെ സ്വാധീനം നിർണായകം. പൗരത്വത്തിനു വേണ്ടിയുള്ള ഇവരുടെ ആഗ്രഹത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഇന്ത്യ- ബംഗ്ലാ അതിർത്തി പങ്കിടുന്ന പ്രദേശത്ത് മതുവ വിഭാഗത്തെപ്പോലെ തന്നെ മുസ്‌ലിംകളുമുണ്ട്. ഇരു വിഭാഗവും ഇടകലർന്നാണു ജീവിതം. സിഎഎയോടുള്ള സമീപനത്തിൽ ഇരുവിഭാഗത്തിന്‍റെയും നിലപാടുകളിൽ ഭിന്നത ദൃശ്യം. മതുവ വിഭാഗക്കാരിൽ ഭൂരിപക്ഷവും സിഎഎയെ അനുകൂലിക്കുമ്പോൾ മുസ്‌ലിംകൾക്ക് ഇതു തങ്ങളോടുള്ള വിവേചനമാണെന്ന അഭിപ്രായമുണ്ട്. സിഎഎ തിരിച്ചടിയാകകുമോ എന്നു ഭയക്കുന്ന മതുവ വിഭാഗക്കാരും പലായനം ചെയ്യേണ്ടി വന്ന ഹിന്ദു അഭയാർഥികളോടുള്ള കരുതലാണെന്ന് അഭിപ്രായപ്പെടുന്ന മുസ്‌ലിംകളുമുണ്ടെന്നതും കൗതുകകരം. സിഎഎയ്ക്ക് അപേക്ഷിക്കുന്നതോടെ നിങ്ങൾ പൗരനല്ലാതാകുമെന്നും പുറത്താക്കപ്പെട്ടേക്കാമെന്നുമുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണമാണ് മതുവ വിഭാഗത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത്. മമതയുടെ ആരോപണം തെറ്റാണെന്നും ആരെയും പുറത്താക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പലതവണ വിശദീകരിച്ചത് ഈ സാഹചര്യത്തിലാണ്.

നിലവിൽ ഞങ്ങളെല്ലാം പൗരന്മാരാണെന്നിരിക്കെ സിഎഎയുടെ ആവശ്യമെന്താണെന്നു ചോദിക്കുന്നു ഇന്ത്യ- ബംഗ്ലാ അതിർത്തി ഗ്രാമമായ മല്ലിക്പുരിലെ അറുപത്തിരണ്ടുകാരൻ അമീറുൾ മണ്ഡൽ. കർഷകനായ മിന്‍റു റഹ്മാനും ഈ നിയമം തങ്ങളോടുള്ള വിവേചനമാണെന്നു പറയുന്നു. രാജ്യത്തിന്‍റെ മതേതര സ്വഭാവത്തെ ഇതു ബാധിക്കുമെന്നാണ് ഇവരുടെ അഭിപ്രായം.

എന്നാൽ, സിഎഎ ആരുടെയും പൗരത്വം റദ്ദാക്കാനുള്ളതല്ലെന്നും അയൽരാജ്യത്തു നിന്ന് മതപീഡനം മൂലം വന്നവരോടുള്ള അനുകമ്പയാണ് ഇതെന്നും ബിജെപി സയേസ്ത്നഗർ ബൂത്ത് പ്രസിഡന്‍റ് അമീറുൾ ഡഫേദാർ പറയുന്നു. തൃണമൂൽ കോൺഗ്രസ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം. സമീപവാസിയായ മൊയ്ദുൾ ഷെയ്ഖും ഈ നിയമത്തിൽ മുസ്‌ലിംകൾക്ക് ആശങ്കയുടെ കാര്യമില്ലെന്ന അഭിപ്രായക്കാരനാണ്. ഇതു മനുഷ്യത്വപരമായ സമീപനം മാത്രമാണെന്നും മൊയ്ദുൾ ഷെയ്ഖ്.

അതേസമയം, സിഎഎയ്ക്കു പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കുമെന്ന ഭീതി ഉയർന്നിട്ടുണ്ട് മുസ്‌ലിം സമുദായത്തിൽ. ഇതു നടപ്പായാൽ തങ്ങളുടെ പൗരത്വം ഇല്ലാതാകുമോ എന്ന ഭീതി പങ്കുവയ്ക്കുന്നു ബപൻ ഷെയ്ഖ്.

പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന മതുവകളാണ് ബോൻഗാവിലെ 19 ലക്ഷം വോട്ടർമാരിൽ 70 ശതമാനവും 25 ശതമാനം ന്യൂനപക്ഷങ്ങൾ. ബിജെപി അപകടകരമായ രാഷ്‌ട്രീയമാണു കളിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ജില്ലാ നേതാവ് രത്തൻ ഘോഷ് പറയുന്നു. മുൻപ് ഇടതുപക്ഷത്തിനൊപ്പമായിരുന്ന ന്യൂനപക്ഷങ്ങൾ ഏതാനും തെരഞ്ഞെടുപ്പുകളായി തൃണമൂൽ കോൺഗ്രസിനൊപ്പമാണ്. വർഗീയ കാർഡിറക്കി സ്ഥിതിഗതികൾ വഷളാക്കാനാണു തൃണമൂവിന്‍റെ ശ്രമമെന്നു ഹരിങ്ഘട്ട മണ്ഡലത്തിലെ ബിജെപി എംഎൽഎ അസിം സർക്കാർ പറഞ്ഞു. ബോൻഗാവ് നഷ്ടപ്പെടുമെന്ന് തൃണമൂലിനറിയാം. അതിനാണ് അവർ സിഎഎയ്ക്കെതിരായ പ്രചാരണത്തിനു പിന്നാലെ എൻആർസി വരുമെന്ന ഭീഷണി മുഴക്കുന്നതെന്നും അസിം സർക്കാർ.

Trending

No stories found.

Latest News

No stories found.