ലക്നൗ: വന്ദേ ഭാരത് എക്സ്പ്രസിനു പച്ചക്കൊടി വീശാനെത്തിയ ബിജെപി വനിതാ എംഎൽഎ പ്ലാറ്റ്ഫോമിലെ തിരക്കിൽപ്പെട്ടു പാളത്തിൽ വീണു. ഉത്തർപ്രദേശിലെ ഇറ്റാവ എംഎൽഎ സരിത ഭദൗരിയയ്ക്കാണു പരുക്കേറ്റത്. എംഎൽഎ വീഴുന്നതു കണ്ട ലോകോപൈലറ്റ് ട്രെയ്‌ൻ മുന്നോട്ടെടുക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇറ്റാവ സ്റ്റേഷനിലായിരുന്നു സംഭവം.
ആഗ്ര- വാരാണസി വന്ദേഭാരത് എക്സ്പ്രസിന് നേരത്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വലായി ഫ്ലാഗ് ഓഫ് നിർവഹിച്ചിരുന്നു. ആഗ്രയിൽ റെയ്‌ൽ സഹമന്ത്രി രവനീത് സിങ് ബിട്ടു നേരിട്ടെത്തി ഫ്ലാഗ് ഓഫ് ചെയ്തു. ഇറ്റാവ സ്റ്റേഷനിൽ പുതിയ സർവീസിനെ സ്വീകരിക്കാൻ എംഎൽഎയെ കൂടാതെ സമാജ്‌വാദി പാർട്ടി എംപി ജിതേന്ദ്ര ഡൗഹെയർ, മുൻ എംപി രാംശങ്കർ എന്നിവരുൾപ്പെടെ നിരവധി പേരുണ്ടായിരുന്നു.
സിഗ്നൽ ലഭിച്ച് ട്രെയ്‌ൻ മുന്നോട്ടെടുക്കാൻ തുടങ്ങുമ്പോഴാണ് അറുപത്തൊന്നുകാരിയായ സരിത ഭദൗരിയ തിക്കിലും തിരക്കിലും ട്രാക്കിൽ വീണത്. ഉടൻ ട്രെയ്‌ൻ നിർത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച എംഎൽഎയ്ക്ക് പ്രാഥമിക പരിശോധനയിൽ നേരിയ പരുക്കുകളേയുള്ളൂ എന്ന് അധികൃതർ. അവർ വീട്ടിൽ വിശ്രമത്തിലാണെന്നു ബിജെപി നേതൃത്വം അറിയിച്ചു.