സ്ത്രീ സുരക്ഷ: രാജ്യം ഉണരേണ്ട കാലമായി- രാഷ്‌ട്രപതി

മതിയാക്കേണ്ടതു മതിയാക്കണം' എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ കടുത്ത വിമർശനങ്ങളാണു രാഷ്‌ട്രപതി ഉന്നയിക്കുന്നത്
Women's safety: It's time for the country to wake up - President
സ്ത്രീ സുരക്ഷ: രാജ്യം ഉണരേണ്ട കാലമായി- രാഷ്‌ട്രപതി
Updated on

ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരേ രാജ്യം ഉണരേണ്ട കാലമായെന്നു രാഷ്‌ട്രപതി ദ്രൗപദി മുർമു. സ്ത്രീകളെ കഴിവും കരുത്തും ബുദ്ധിയും കുറഞ്ഞവരായി കാണുന്ന പൊതുബോധത്തെ പ്രതിരോധിക്കേണ്ടിയിരിക്കുന്നു. മതിയാക്കേണ്ടതു മതിയാക്കിയേ തീരൂ എന്നും രാഷ്‌ട്രപതി വ്യക്തമാക്കി.

വാർത്താ ഏജൻസിക്കു നൽകിയ ലേഖനത്തിലാണു സ്ത്രീ സുരക്ഷയെയും ശാക്തീകരണത്തെയും കുറിച്ച് രാഷ്‌ട്രപതിയുടെ ഓർമപ്പെടുത്തൽ. കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്റ്ററെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണു രാഷ്‌ട്രപതി ശക്തമായി രംഗത്തെത്തിയത്.

"സ്ത്രീ സുരക്ഷ: മതിയാക്കേണ്ടതു മതിയാക്കണം' എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ കടുത്ത വിമർശനങ്ങളാണു രാഷ്‌ട്രപതി ഉന്നയിക്കുന്നത്. വാർത്താ ഏജൻസിയുടെ എഴുപത്തേഴാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഇവരെ രാഷ്‌ട്രപതി ഭവനിലേക്ക് വിളിച്ച് വരുത്തിയായിരുന്നു മുര്‍മുവിന്‍റെ കൂടിക്കാഴ്‌ച.

കൊൽക്കത്ത സംഭവം ഭീതിയും നടുക്കവുമുണ്ടാക്കുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പരമ്പരയിലെ ഒരെണ്ണം മാത്രമാണിതെന്നത് നിരാശയുണ്ടാക്കുന്നുവെന്നും രാഷ്‌ട്രപതി. കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികളും ഡോക്‌ടര്‍മാരും തെരുവുകളില്‍ പ്രതിഷേധിക്കുമ്പോള്‍ കുറ്റവാളികള്‍ ഏതോ സുരക്ഷിത മാളങ്ങളില്‍ ഒളിച്ചിരിക്കുകയാണ്. നഴ്‌സറി സ്‌കൂള്‍ വിദ്യാർഥികള്‍ പോലും രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നു. പെൺമക്കളെയും സഹോദരിമാരെയും ഇത്തരം അതിക്രമങ്ങൾക്ക് ഇരയാക്കാൻ ഒരു പരിഷ്കൃത സമൂഹത്തിനും കഴിയില്ല. രാജ്യം രോഷത്തിലാണ്, ഞാനും, സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നരാണ് അവരെ കഴിവുകുറഞ്ഞവരായി മുദ്രകുത്തുന്നത്. വഴിയിലെ കടമ്പകൾ മറികടക്കാനും ഭീതിയിൽ നിന്നു സ്വാതന്ത്ര്യത്തിലേക്കെത്താനും നമ്മുടെ പെൺമക്കളെ പ്രാപ്തരാക്കണം.

രക്ഷാബന്ധന്‍ ദിവസം താൻ ഇടപഴകിയ സ്കൂൾ വിദ്യാർഥിനികളുടെ നിഷ്‌കളങ്കമായ ഒരു ചോദ്യത്തെക്കുറിച്ചും മുര്‍മു ഈ കൂടിക്കാഴ്‌ചയില്‍ പരാമര്‍ശിച്ചു. രാജ്യത്ത് ഇനിയും നിര്‍ഭയ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാനാകുമോ എന്നായിരുന്നു ആ കുഞ്ഞുങ്ങള്‍ തന്നോട് ചോദിച്ചത്.

നിര്‍ഭയ സംഭവത്തിന് ശേഷം ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ഒന്നും ചെയ്യാനാകുന്നില്ല. കഴിഞ്ഞ കാലത്തു നിന്ന് ഒരു പാഠവും ഉള്‍ക്കൊള്ളുന്നില്ല. നിയമങ്ങളും സാമൂഹിക മുന്നേറ്റങ്ങളും ഉണ്ടാകുമ്പോഴും എല്ലാം പഴയപടി തുടരുന്നു. എവിടെയാണ് നമുക്ക് തെറ്റ് പറ്റുന്നത്? എങ്ങനെ ഇവ പരിഹരിക്കാം? ഇതിനുള്ള ഉത്തരങ്ങള്‍ കണ്ടെത്താതെ നമ്മുടെ ജനതയുടെ പകുതിക്ക് മറുപകുതിയെ പോലെ നിര്‍ഭയം ഇവിടെ ജീവിക്കാനാകില്ലെന്നും രാഷ്‌ട്രപതി.

Trending

No stories found.

Latest News

No stories found.