ഗുസ്തിതാരങ്ങളുടെ സമരം: വാക്പോരുമായി സാക്ഷി മാലിക്കും ബബിത ഫോഗട്ടും

സാക്ഷി മാലിക് കോൺഗ്രസിന്‍റെ കളിപ്പാവയാണെന്ന് ബബിത ഫോഗട്ട് ആരോപിച്ചു
ഗുസ്തിതാരങ്ങളുടെ സമരം: വാക്പോരുമായി സാക്ഷി മാലിക്കും ബബിത ഫോഗട്ടും
Updated on

ന്യൂഡൽഹി: ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള സമരത്തിൽ പരസ്പരം വിമർ‌ശിച്ച് ഗുസ്തി താരങ്ങൾ. സമരത്തിൽ തുടക്കം മുതൽ സജീവമായിരുന്നു സാക്ഷി മാലിക്കും ഭർത്താവ് സത്യാവർട്ട് കാഡിയാനും ട്വിറ്ററിലൂടെ നടത്തിയ വിശദീകരണത്തിനു പിന്നാലെയാണ് പടലപ്പിണക്കം മറ നീക്കി പുറത്തു വന്നത്. സമരം കോൺഗ്രസ് ആസൂത്രണം ചെയ്തതാണെന്ന വാദങ്ങളെയാണ് സാക്ഷി തള്ളിയത്. സമരത്തിനു വേണ്ടിയുള്ള അനുമതി നേടിയെടുത്തത് ബിജെപി നേതാക്കൾ കൂടിയായ തിരാത് റാണയും ബബിത ഫോഗട്ടും ചേർന്നാണെന്നാണ് സാക്ഷി പറഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴി മാറ്റിയത് സമ്മർദം കൊണ്ടും ഭീഷണി കൊണ്ടുമാണെന്നും സാക്ഷി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗുസ്തി താരങ്ങൾ തമ്മിൽ വാക്പോര് തുടങ്ങിയത്.

സാക്ഷി മാലിക് കോൺഗ്രസിന്‍റെ കളിപ്പാവയാണെന്നായിരുന്നു ബബിത ഫോഗട്ട് മറുപടി നൽകിയത്. സാക്ഷി മാലിക് വിഡിയോയിൽ കാണിച്ച അനുമതി പത്രത്തിൽ തന്‍റെ പേരോ ഒപ്പോ ഇല്ലെന്നും ബബിത പറഞ്ഞു. നരേന്ദ്ര മോദിയിലും ഇന്ത്യൻ നീതി വ്യവസ്ഥയിലും തനിക്കിപ്പോഴും വിശ്വാസമുണ്ട്. തുടക്കം മുതലേ താൻ സമരത്തിനെതിരായിരുന്നുവെന്നും പ്രശ്ന പരിഹാരത്തിനായി പ്രധാനമന്ത്രിയെയോ ആഭ്യന്തര മന്ത്രിയെയോ സമീപിക്കണമെന്ന് താനുപദേശിച്ചിരുന്നതായും ബബിത വ്യക്തമാക്കി.

ഇതിനു പിന്നാലെ സാക്ഷി ബബിതയ്ക്കെതിരേ വീണ്ടും ആരോപണങ്ങൾ ഉന്നയിച്ചു. ബബിത സ്വാർഥ താത്പര്യങ്ങളോട് ഗുസ്തി താരങ്ങളെ ഉപയോഗിക്കുകയായിരുന്നുവെന്നും സമരത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് സാക്ഷി ആരോപിക്കുന്നത്. ശനിയാഴ്ച ട്വീറ്റ് ചെയ്ത വിഡിയോയിൽ തിരാത്ത് റാണയും ബബിതയും എങ്ങനെയാണ് ഗുസ്തി താരങ്ങളെ ഉപയോഗിച്ചതെന്ന് വ്യക്തമാണ്. സമരം ആരംഭിച്ചതോടെ സമരത്തിൽ പങ്കെടുത്ത ഗുസ്തി താരങ്ങളെല്ലാം പ്രശ്നത്തിലായി പക്ഷേ ബബിതയും റാണയും സർക്കാരിന്‍റെ ഇഷ്ടക്കാർ തന്നെയായി തുടർന്നു. തങ്ങളുടെ സമരം ബ്രിജ് ഭൂഷണിനെതിരേയാണെന്നും സർക്കാരിനെതിരേ അല്ലെന്നും സാക്ഷി മാലിക് ആവർത്തിച്ചു.

Trending

No stories found.

Latest News

No stories found.