ലൈംഗികാരോപണത്തിൽ ബ്രിജ് ഭൂഷണിനെതിരെ നടപടിയില്ല: ഗുസ്തിതാരങ്ങൾ വീണ്ടും പ്രതിഷേധത്തിലേക്ക്

വനിതാ ഗുസ്തിതാരങ്ങൾ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കാനോ, എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ പൊലീസ് തയാറായിട്ടില്ല
ലൈംഗികാരോപണത്തിൽ ബ്രിജ് ഭൂഷണിനെതിരെ നടപടിയില്ല: ഗുസ്തിതാരങ്ങൾ വീണ്ടും പ്രതിഷേധത്തിലേക്ക്
Updated on

ഡൽഹി : ലൈംഗികാരോപണത്തിൽ ബ്രിജ് ഭൂഷണിനെതിരെ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ച് ഗുസ്തിതാരങ്ങൾ വീണ്ടും പ്രതിഷേധത്തിലേക്ക്. പരാതി ഉന്നയിച്ചിട്ട് നിരവധി നാളുകളായെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നാണു ഗുസ്തിതാരങ്ങളുടെ ആരോപണം. നേരത്തെ വ്യാപക ക്രമക്കേടുകളും ലൈംഗികാരോപണങ്ങളും ഉയർന്നതിനെ തുടർന്ന് ബ്രിജ് ഭൂഷണെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കിയിരുന്നു.

നാലു മാസങ്ങൾക്കു മുമ്പാണ് വനിതാ ഗുസ്തിതാരങ്ങൾ ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷണിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ജന്തർ മന്ദറിൽ പ്രതിഷേധസമരവും നടത്തിയിരുന്നു. ഒടുവിൽ പ്രസിഡന്‍റ് സ്ഥാനത്തു നിന്നും ബ്രിജ് ഭൂഷണെ നീക്കുകയും, സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

എന്നാൽ ഏഴോളം വനിതാ ഗുസ്തിതാരങ്ങൾ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കാനോ, എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ പൊലീസ് തയാറായിട്ടില്ല. ഫെഡറേഷനിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവും അട്ടിമറിക്കപ്പെടുന്ന അവസ്ഥയിലാണ്. പരാതി ഉന്നയിച്ച വനിതകളെ ഭീഷണിപ്പെടുത്തുകയാണെന്നും ആരോപണമുണ്ട്. സംഭവത്തിൽ കൃത്യമായി പരിഹാരം ഉണ്ടാകുന്നതു വരെ പ്രതിഷേധം തുടരാനാണു ഗുസ്തിതാരങ്ങളുടെ നിലപാട്.

Trending

No stories found.

Latest News

No stories found.