ന്യൂഡൽഹി: ഹരിയാനയിലെ കർഷകസ്ത്രീകൾക്ക് നൽകിയ വാക്കു പാലിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സോണിപത്തിലെ മദീന ഗ്രാമത്തിലെ കർഷക സ്ത്രീകളെ ഡൽഹിയിലെത്തിച്ചാണ് രാഹുൽ വാക്കു പാലിച്ചത്. കഴിഞ്ഞ 8ന് അപ്രതീക്ഷിതമായാണ് രാഹുൽ മദീനയിലെ പാടശേഖരങ്ങളൽ കർഷകർക്കൊപ്പം സമയം ചെലവഴിച്ചത്. അന്ന് അവർക്കൊപ്പം ട്രാക്റ്റർ ഓടിക്കുകയും ഭക്ഷണം പങ്കിടുകയും ചെയ്തിരുന്നു.
തലസ്ഥാനത്തു നിന്ന് ഇത്രയടുത്തായിട്ടും ഇതു വരെ ഡൽഹി സന്ദർശിച്ചിട്ടില്ലെന്ന് കർഷക സ്ത്രീകൾ പറഞ്ഞതോടെയാണ് എല്ലാവരെയും ഡൽഹിയിലെത്തിക്കാമെന്ന് രാഹുൽ വാക്കു നൽകിയത്. സോണിയാഗാന്ധിയുടെ വസതിയിലെത്തിയ സംഘം സോണിയാഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ച് കുശലാന്വേഷണങ്ങൾ നടത്തിയാണ് പിരിഞ്ഞത്. അതിനിടെയാണ് രാഹുലിന്‍റെ വിവാഹക്കാര്യവും ചർച്ചയായത്.
രാഹുലിനെ വിവാഹം കഴിപ്പിക്കണമെന്നാവശ്യപ്പെട്ട സ്ത്രീയോട് നിങ്ങൾ തന്നെ ഒരു വധുവിനെ കണ്ടെത്തിത്തരൂ എന്നാണ് സോണിയ ഗാന്ധി പറഞ്ഞത്. അതെന്തായാലും സംഭവിക്കുമെന്ന് രാഹുലും മറുപടി പറഞ്ഞു. നാടൻ നെയ്യ്, മധുരമുള്ള ലസ്സി, വീട്ടിലുണ്ടാക്കിയ അച്ചാർ പിന്നെ നിറയെ സ്നേഹവും ഒരുപാട് അമൂല്യമായ സമ്മാനങ്ങൾ ലഭിച്ചുവെന്ന കുറിപ്പോടെയാണ് രാഹുൽ വിഡിയോ പോസ്റ്റ് ചെയ്തത്.