ആഞ്ഞടിച്ച് രാഷ്‌ട്രീയ മാറ്റം; അമ്പരപ്പിച്ച് മിസോറാം

അടുത്തകാലത്ത് ആവിര്‍ഭവിച്ച ഒരു സംഘടന അധികാരത്തിലേത്തെക്കുന്നു
Lalduhoma
Lalduhoma
Updated on

ഐസ്‌വാള്‍: ശ്രദ്ധേയമായ രാഷ്‌ട്രീയ പരിവര്‍ത്തനം കൊണ്ട് രാജ്യത്തെ അമ്പരപ്പിക്കുകയായിരുന്നു മിസോറാം. ആണ്ടുകണക്കിന്‍റെ ബലമൊന്നുമില്ലാതെ അടുത്തകാലത്ത് ആവിര്‍ഭവിച്ച ഒരു സംഘടന അധികാരത്തിലേത്തെക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്‍റെ രാഷ്‌ട്രീയമുഖങ്ങളില്‍ സെഡ്‌പിഎം അഥവാ സോറം പീപ്പിള്‍സ് മൂവ്‌മെന്‍റ് എന്ന പേരു തെളിഞ്ഞു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല.

മിസോറാമിലെ ജനങ്ങളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു സോറം പീപ്പിള്‍സ് മൂവ്‌മെന്‍റിന്‍റെ തുടക്കം. രാഷ്‌ട്രീയേത ഏകീകൃത കൂട്ടായ്മ എന്ന നിലയില്‍ സാമൂഹിക മുന്നേറ്റത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായുമുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ആരംഭം. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരരംഗത്തെത്തി. 40 സീറ്റുകളില്‍ 36 എണ്ണത്തിലും മത്സരിച്ചപ്പോള്‍ വിജയം നേടാനായത് 8 എട്ടു സീറ്റുകളില്‍ മാത്രം. മിസോറാമിന്‍റെ രാഷ്‌ട്രീയരംഗത്ത് താരതമ്യേന പുതുമുഖമായി എത്തിയെങ്കിലും ശ്രദ്ധേയമായ തുടക്കമായിരുന്നു അത്.

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും എംപിയും എംഎല്‍എയുമായിരുന്ന ലാല്‍ദുഹോമയാണ് സോറം പീപ്പിള്‍സ് മൂവ്‌മെന്‍റിന്‍റെ രൂപീകരണത്തിനു പിന്നില്‍. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ലാല്‍ദുഹോമ. 1984ല്‍ കോണ്‍ഗ്രസിലൂടെ രാഷ്‌ട്രീയത്തിലെത്തി. മിസോറാമില്‍ നിന്നുള്ള എംപിയായി ലോക്‌സഭയില്‍ എത്തിയെങ്കിലും പിന്നീട് കോണ്‍ഗ്രസ് വിട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം ആദ്യം പുറത്താക്കപ്പെടുന്ന എംപി കൂടിയാണിദ്ദേഹം.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളിലും സൊറം പീപ്പിള്‍സ് മൂവ്‌മെന്‍റ് മത്സരിച്ചു. മിസോറാമിലെ 6 പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്നാണ് സൊറം പീപ്പിള്‍സ് മൂവ്‌മെന്‍റിന്‍റെ രൂപീകരണം. ഏകീകൃത രാഷ്‌ട്രീയരൂപം കൈവന്ന ശേഷം 2019ല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരവും ലഭിച്ചു, ഇപ്പോള്‍ ജനങ്ങളുടെ അംഗീകാരവും. സെഡ്പിഎമ്മിന്‍റെ സ്ഥാനാർഥികളിൽ ഭൂരിപക്ഷവും യുവാക്കളാണ്. ഡല്‍ഹിയിലെ ആം ആദ്മി പാർട്ടിയുടെ മാതൃക പിന്തുടർന്നായിരുന്നു സെഡ്പിഎമ്മിന്‍റെ പ്രവർത്തനമെന്നു പറയാം. ഇതു നഗരങ്ങളിൽ പാർട്ടിക്ക് ജനപ്രിയത നൽകി.

Trending

No stories found.

Latest News

No stories found.