43rd sharjah international book fest ilayaraja interview
'സംഗീതം യാത്രയല്ല, ജീവിതം തന്നെ'; അരനൂറ്റാണ്ടിന്‍റെ സംഗീത ജീവിതാനുഭവങ്ങൾ പങ്കുവച്ച് അവിസ്മരണീയ രാവിൽ ഇളയരാജ image credi: ജയപ്രകാശ് പയ്യന്നൂർ

'സംഗീതം യാത്രയല്ല, ജീവിതം തന്നെ'; അരനൂറ്റാണ്ടിന്‍റെ സംഗീത ജീവിതാനുഭവങ്ങൾ പങ്കുവച്ച് അവിസ്മരണീയ രാവിൽ ഇളയരാജ | video

'മഹാ സംഗീതജ്ഞന്‍റെ യാത്ര - ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു സഞ്ചാരം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അര നൂറ്റാണ്ട് നീണ്ട സംഗീത സപര്യ തന്നെ സംബന്ധിച്ച് യാത്രയല്ല,ജീവിതം തന്നെയെന്ന് ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ. ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും സമ്പൂർണമായി സംഗീതത്തിൽ ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 43 മാത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ 'മഹാ സംഗീതജ്ഞന്‍റെ യാത്ര - ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു സഞ്ചാരം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ കൈയടിയുടെ ആനന്ദം

തമിഴ് നാട്ടിലെ വിദൂര ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും സംഗീതത്തോട് ബാല്യകാലം മുതൽ താൽപര്യം ഉണ്ടായിരുന്നു. ചേട്ടൻ ഭാസ്‌കരൻ പ്രദേശത്തെ വിവിധ പരിപാടികളിൽ പാടുമായിരുന്നു, വീട്ടിൽ ഹാർമോണിയം ഉണ്ടായിരുന്നെങ്കിലും തൊടാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല.തൊട്ടാൽ ചുട്ട അടി കിട്ടുമായിരുന്നു.എന്നിട്ടും ചേട്ടൻ അറിയാതെ ഹാർമോണിയം വായിക്കാൻ പഠിച്ചു.

കമ്പത്ത് നടന്ന ഒരു കച്ചേരിയിൽ സ്ഥിരമായി ഹാർമോണിയം വായിച്ചിരുന്ന ആൾ വന്നില്ല.അന്നാണ് പൊതുവേദിയിൽ ആദ്യമായി ഒരു സംഗീതോപകരണം വായിക്കുന്നത്. അന്ന് സദസ്സിൽ നിന്ന് ലഭിച്ച കൈയടികളാണ് തനിക്ക് ആദ്യമായി ലഭിച്ച അനുമോദനമെന്ന് ഇളയരാജ പറഞ്ഞുതീരുമ്പോഴേക്ക് കൈയടികളുടെ ആരവം ഉയർത്തി ബോൾ റൂമിലെ ആസ്വാദകർ.പിന്നീട് സ്വർണ മെഡലോടെ ഗിറ്റാർ പഠനവും പൂർത്തിയാക്കി. 1976 ഇൽ ആദ്യ സിനിമയായ 'അന്നക്കിളിക്ക്' സംഗീതം നൽകുന്നതിന് മുൻപ് രാജ്‌കുമാർ നായകനായ ഒരു കന്നഡ സിനിമക്ക് വേണ്ടി സഹ സംഗീത സംവിധായകനായി പ്രവർത്തിച്ച അനുഭവം ഇളയരാജ പങ്കുവെച്ചു.

സംഗീത സംവിധായകൻ 10 വ്യത്യസ്തമായ ഈണങ്ങൾ ഒരുക്കി. അവയുടെ നോട്ട്സ് തയ്യാറാക്കാൻ ഇളയരാജയോട് ആവശ്യപ്പെട്ടു. നോട്ട്സ് തയ്യാറാക്കാൻ അറിയില്ലെന്ന് ഇളയരാജ മറുപടിയും നൽകി. പിന്നീട് ഈണങ്ങൾ കേൾക്കുന്നതിന് സംവിധായകനും നിർമാതാവും എത്തിയപ്പോൾ നേരത്തെ ഹൃദിസ്ഥമാക്കിയ പത്ത് ഈണങ്ങളും ഒന്നിന് പുറകെ ഒന്നായി അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചു ഇളയരാജ.

വർഷത്തിൽ 52 ആഴ്ചകൾ, 58 സിനിമകൾ ഓരോന്നിലും ചുരുങ്ങിയത് 6 പാട്ടുകൾ

വർഷത്തിൽ 58 സിനിമകൾക്ക് വരെ സംഗീതം നൽകിയിട്ടുണ്ടെന്ന് ഇളയരാജ പറഞ്ഞു. മൂന്ന് തിയറ്ററുകളിലായി ഒരേ ദിവസം മൂന്ന് സിനിമകൾക്ക് സംഗിതം നൽകിയ അപൂർവ അനുഭവം പങ്കുവെച്ചപ്പോൾ അത്ഭുതത്തിൽ നിറഞ്ഞ് സദസ്സ്. പഞ്ചു അരുണാചലം നിർമിച്ച കാക്കിച്ചട്ടൈ എന്ന കമലഹാസൻ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുമ്പോൾ പടത്തിന് വേണ്ടിയല്ലാതെ ആറ് പാട്ടുകൾക്ക് കൂടി അദ്ദേഹം ഈണം നൽകി. വേറെ സിനിമ നിർമിക്കുമ്പോൾ ഇവ ഉപയോഗിക്കാമെന്ന് രാജ പറയുകയും ചെയ്തു.

എന്നാൽ മുഴുവൻ പാട്ടുകളും ഉപയോഗിക്കണമെന്നായിരുന്നു നിബന്ധന. അങ്ങനെയാണ് 'വൈദേഹി കാത്തിരുന്താൾ' എന്ന വിജയകാന്ത്-രേവതി ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പിറവിയെടുക്കുന്നത്. ' രാസാത്തി ഉന്നൈ കാണാതെ നെഞ്ച്', 'അഴക് മലരാട്' തുടങ്ങിയ ഗാനങ്ങൾ ഇന്നും പ്രിയ ഗാനങ്ങളായി തുടരുന്നു.

പാട്ടെഴുത്തിന്‍റെ വഴിയിൽ

image credi: ജയപ്രകാശ് പയ്യന്നൂർ
image credi: ജയപ്രകാശ് പയ്യന്നൂർ

മണിരത്‌നം സംവിധാനം ചെയ്ത ' ഇദയകോവിൽ' എന്ന ചിത്രത്തിൽ പ്രണയവും ഭക്തിയും ഒരു പോലെ പാട്ടിൽ വരേണ്ട കഥാ സന്ദർഭമുണ്ടായിരുന്നു.എത്ര ശ്രമിച്ചിട്ടും ഗാന രചന ശരിയാവുന്നില്ല. അവിടെയാണ് തന്‍റെ ആദ്യ പാട്ടെഴുത്ത് സംഭവിച്ചതെന്ന് ഇളയരാജ വെളിപ്പെടുത്തി. 'ഇദയം ഒരു കോവിൽ' എന്ന് തുടങ്ങുന്ന പാട്ടിന് മികച്ച സ്വീകാര്യത ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര ഗാനങ്ങൾക്ക് പുറമെ തമിഴ് ഭക്തി ഗാന ശാഖയായ തിരുവമ്പാവൈ രീതിയിലുള്ള കീർത്തനങ്ങളും രചിച്ചിട്ടുണ്ടെന്ന് ഇളയരാജ പറഞ്ഞു.

സിംഫണിയെക്കുറിച്ച്

വ്യത്യസ്തവും സങ്കീർണവുമായ അടരുകൾ ഉള്ള സംഗീത ശില്പമാണ് സിംഫണിയെന്നും അതേക്കുറിച്ച് വിശദീകരിക്കുക എളുപ്പമല്ലെന്നും ഇളയരാജ പറഞ്ഞു. ഇതിൽ നിരവധി ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഓരോന്നിനും വെവ്വേറെ നോട്ടുകളും ഉണ്ട്. ചെറിയ പിഴവ് സംഭവിച്ചാൽ മതി സിംഫണിയുടെ അടിസ്ഥാന ഘടന തകരുമെന്നും അദ്ദേഹം വ്യക്തമാക്കി. സിംഫണികൾ മുഴുവൻ കേട്ട് തീർക്കാൻ നൂറ് ജന്മങ്ങൾ തികയാതെ വരുമെന്നും ഇളയരാജ അഭിപ്രായപ്പെട്ടു. ദളപതി എന്ന ചിത്രത്തിലെ 'സുന്ദരി കണ്ണാൽ ഒരു സേതി' എന്ന് തുടങ്ങുന്ന ഗാനത്തിൽ സിംഫണിയുടെ ചില അനുഭവ തലങ്ങൾ കാണാമെന്നും ഇളയരാജ പറഞ്ഞു.

വ്യത്യസ്ത ഭാഷകളിൽ ഉള്ള ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ അവിടങ്ങളിലെ സംസ്കാരത്തെക്കുറിച്ച് അറിയുന്നത് നല്ലതാണെന്നും എന്നാൽ ഈണം നൈസർഗികമായാണ് മനസ്സിൽ നിറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ കർണാടിക് സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യനാണ് സംവാദത്തിന് നേതൃത്വം നൽകിയത്. ഇരുവരും ചേർന്ന് ചില ഗാനങ്ങൾ ആലപിച്ചത് ആസ്വാദകർക്ക് പുതിയ അനുഭവമായി. മലയാളി പെൺകുട്ടി അമൃത 'പുന്നഗൈ മന്നൻ' എന്ന ചിത്രത്തിലെ 'ഏതേതോ' എന്ന ഗാനം ഇളയരാജക്ക് മുന്നിൽ ആലപിച്ചു. ചെറുപ്പക്കാരെ വെല്ലുന്ന ഊർജസ്വലതയോടെ എങ്ങനെ സംവദിക്കാൻ സാധിക്കുന്നു എന്ന മാധ്യമ പ്രവർത്തകൻ ആസിഫ് മീരാന്‍റെ ചോദ്യത്തിന് ' അത് താൻ രാജ' എന്ന മാസ് മറുപടി നൽകിയാണ് സംഗീത ചക്രവർത്തി സംഭാഷണം അവസാനിപ്പിച്ചത്. ഗോവിന്ദ് ഡി സി നന്ദി പറഞ്ഞു. ആർ ജെ കീർത്തന അവതാരകയായിരുന്നു.

Trending

No stories found.

Latest News

No stories found.