ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ വിദേശ രാജ്യങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 633 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
അനാരോഗ്യം അടക്കമുള്ള സ്വാഭാവിക കാരണങ്ങളും, അസ്വാഭാവിക മരണവും അടക്കമുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. കാനഡ, യുഎസ്, ബ്രിട്ടന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ മരിച്ചത്. 2019 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ കാനഡയില്‍ ആകെ മരിച്ച ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 172 ആണ്. ഇതില്‍ ഒമ്പത് പേര്‍ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുകയായിരുന്നു.
യുഎസിൽ 108 പേരും ബ്രിട്ടനില്‍ 58 പേരും, ഓസ്ട്രേലിയയില്‍ 57 പേരും, റഷ്യയില്‍ 37 പേരും, ജര്‍മനിയില്‍ 24 പേരും, ഇറ്റലി, യുക്രെയിൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ 18 പേർ വീതവുമാണ് മരിച്ചത്. അര്‍മേനിയ, ഫിലിപ്പൈൻസ്, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഏഴുപേര്‍ വീതം മരിച്ചു.