അബുദാബി: സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും വെളിച്ചത്തിന്‍റെയും ഉത്സവമായ ദീപാവലി ആഘോഷിക്കുന്നതിന് അബുദാബിയിലെ ബാപ്‌സ് ഹിന്ദു മന്ദിർ ഒരുങ്ങി. ദർശനത്തിന് എത്തുന്ന എല്ലാവരും ക്ഷേത്രത്തിൽ എത്തുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്രം അധികൃതർ ആവശ്യപ്പെട്ടു. സ്വന്തം വാഹനത്തിൽ വരുന്ന സന്ദർശകർ അൽ ഷഹാമ എഫ് 1 പാർക്കിംഗിൽ പാർക്ക് ചെയ്യണം.
ഇവന്‍റ് പാർക്കിംഗ് സൈറ്റിൽ നിന്ന് ക്ഷേത്ര സമുച്ചയത്തിലേക്ക് ഷട്ടിൽ ബസ് സർവീസ് നടത്തും. ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ബാഗുകളും ലോഹ വസ്തുക്കളും കൊണ്ടുവരരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം 31 വ്യാഴാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ ദീപാവലി ദർശന പരിപാടിയും നവംബർ 2 ശനിയാഴ്ചയും നവംബർ 3 ഞായറാഴ്ചയും രാവിലെ 9 മുതൽ രാത്രി 9 വരെ അന്നമൂട്ട് ദർശനവും (ഭക്ഷണത്തിന്‍റെ ഉത്സവം) നടക്കും. ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് എത്തുന്ന സന്ദർശകരെ സഹായിക്കുന്നതിന് സമഗ്രമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
അബുദാബി പൊലീസിന്‍റെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ, ക്ഷേത്രത്തിലെ ഗതാഗതവും തിരക്കും നിയന്ത്രിക്കാനും സുഗമമായ പാർക്കിംഗ് സാധ്യമാക്കാനും ക്ഷേത്രം അധികൃതർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഈ വർഷത്തെ ആഘോഷങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമായി. ദീപാവലിയുടെ പ്രധാന ആഘോഷം 31 നാണ്. ദീപാവലി പ്രമാണിച്ച് യുഎഇയിൽ വലിയ തോതിലുള്ള ആഘോഷ പരിപാടികളും കുടുംബകൂട്ടായ്മ യോഗങ്ങളും നടക്കും.