അബുദാബി: എമിറേറ്റിലെ പല പ്രദേശങ്ങളിലും ഒക്റ്റോബർ 9 വരെ മഴയ്ക്ക് സാധ്യതയെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനമുണ്ടാകുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ (NCM) റിപ്പോർട്ട് പ്രകാരം, രാജ്യത്ത് അടുത്ത ദിവസങ്ങളിൽ ഉപരിതല ന്യൂനമർദം മൂലം മഴ പെയ്യും. ഉയർന്ന പ്രദേശങ്ങളിൽ താരതമ്യേന തണുത്ത അവസ്ഥയായിരിക്കും.
യുഎഇയുടെ ചില ഭാഗങ്ങളിൽ സാമാന്യം ശക്തമായ മഴ ഇതിനകം ലഭിച്ചു കഴിഞ്ഞു. ഫുജൈറയിലെ മുർബാദ്, മൈദാഖ് മേഖലകളിൽ ആലിപ്പഴ വർഷവുമുണ്ടായി.
അടുത്ത ഏതാനും ദിവസങ്ങളിൽ കാറ്റിനൊപ്പം, പ്രത്യേകിച്ച് തലസ്ഥാനത്തിന്‍റെ ഉൾപ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
അൽ ഐനിലെയും അൽ ദഫ്രയിലെയും വിവിധ പ്രദേശങ്ങളിൽ അതേ കാലയളവിൽ, നേരിയതും മിതമായതും കനത്തതുമായ മഴ പ്രതീക്ഷിക്കാം.
പരിഷ്‌കരിച്ച വേഗപരിധി പാലിക്കാനും താഴ്‌വരകളിലേക്കുള്ള യാത്ര ഒഴിവാക്കാനും വാഹന ഡ്രൈവർമാരോട് എൻ.സി.എം നിർദേശിച്ചു. പ്രഥമ ശുശ്രൂഷാ കിറ്റുകളും മറ്റും കൂടെ കരുതാനും അധികൃതർ ആവശ്യപ്പെട്ടു.