കലാലയ സൗഹൃദങ്ങളുടെ പൂമുഖം. അക്കാഫിന്‍റെ ചരിത്ര-വർത്തമാനങ്ങളിലൂടെ ഒരു സഞ്ചാരം.... | AKCAF Association: Past and present of nostalgic friendships
അക്കാഫ്: ഗൃഹാതുര സൗഹൃദങ്ങളുടെ ചരിത്രവും വർത്തമാനവും

അക്കാഫ്: ഗൃഹാതുര സൗഹൃദങ്ങളുടെ ചരിത്രവും വർത്തമാനവും

കലാലയ സൗഹൃദങ്ങളുടെ പൂമുഖം. അക്കാഫിന്‍റെ ചരിത്ര-വർത്തമാനങ്ങളിലൂടെ ഒരു സഞ്ചാരം....

റോയ് റാഫേൽ

ഒരു കാലത്ത് നടന്നു നീങ്ങിയ വഴിത്താരകളിലൂടെ വീണ്ടും നടന്ന്, ഒരു കാലത്ത് കാതിൽ പതിഞ്ഞ മൊഴികൾ വീണ്ടും കേട്ട്, ഒരു കാലത്ത് നനഞ്ഞ സൗഹൃദപ്പൂമഴയിൽ വീണ്ടും നനഞ്ഞ്, ഒരു കാലത്ത് അനുഭവിച്ച പ്രണയ-വിരഹങ്ങളിലൂടെ വീണ്ടും കടന്നുപോയി ഈ ഓർമകളെയത്രയും തിരിച്ചുപിടിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്?

കലാലയങ്ങളെ അതിന്‍റെ ജൈവികതയിൽ വീണ്ടും അറിയാനും ആസ്വദിക്കാനുമുള്ള ഒരിടം യുഎഇയിലുണ്ട് - അക്കാഫ് അസോസിയേഷൻ;കേരളത്തിലെ കോളേജ് അലുമ്‌നികളുടെ യുഎഇയിലെ മഹാകൂട്ടായ്മ, ക്യാമ്പസുകളുടെ ക്യാമ്പസ്, എല്ലാ വൈരുദ്ധ്യങ്ങളെയും അലിയിച്ചില്ലാതാക്കുന്ന കലാലയ സൗഹൃദങ്ങളുടെ പൂമുഖം. അക്കാഫിന്‍റെ ചരിത്ര-വർത്തമാനങ്ങളിലൂടെ ഒരു സഞ്ചാരം....

തിരുവോണ ദിനത്തിൽ പിറവി

കേരളത്തിലെ കലാലയങ്ങളുടെ യുഎഇയിലുള്ള അലുംനികളുടെ കൂട്ടായ്മ എന്ന നിലയിൽ അക്കാഫിന്‍റെ പിറവി ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ഒരു തിരുവോണ ദിനത്തിലായിരുന്നു. ദുബായ് അൽ നാസർ ലെഷർ ലാൻഡിലാണ് 1999ലെ ഓണാഘോഷം നടന്നത്. അവിടെ ഒത്തുചേർന്ന കോളേജ് അലുംനികളാണ് അക്കാഫിന്‍റെ സ്ഥാപകാംഗ കൂട്ടായ്മകൾ എന്ന് പറയാം.

2005 വരെ അക്കാഫിന് വേണ്ടി ഓരോ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മകളാണ് ഓണാഘോഷം നടത്തിയിരുന്നത്. 2006 മുതൽ അക്കാഫ് നേരിട്ട് ഓണാഘോഷം നടത്താൻ തുടങ്ങി.

കലാലയ പൂർവ വിദ്യാർത്ഥി സംഘടനകളുടെ പൊതുവേദി എന്ന ആശയം ആദ്യം ഉടലെടുത്തത് 1995-1996 കാലഘട്ടത്തിൽ കോട്ടയം സിഎംഎസ് കോളേജിലായിരുന്നു. കേരളത്തിലെ ആദ്യ കലാലയത്തിൽ തന്നെ പൂർവ വിദ്യാർത്ഥി കൂട്ടായ്മകളുടെ ആദ്യ പൊതുവേദിയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങുക എന്നത് കാലത്തിന്‍റെ കേവല നൈതികത മാത്രം.

ആദ്യകാലങ്ങളിൽ ഓണം പോലെയുള്ള ആഘോഷങ്ങൾ, കുടുംബസംഗമം, ക്രിക്കറ്റ് ടൂർണമെന്‍റ്, സാംസ്കാരിക പരിപാടികൾ എന്നിവ നടത്തുന്നതിലായിരുന്നു കൂടുതൽ താത്പര്യം. 2000 ത്തിന് ശേഷം അക്കാഫ് കൂടുതൽ സജീവമായി പ്രവാസി വിഷയങ്ങളിൽ ഇടപെട്ടുതുടങ്ങി.

2006ൽ എല്ലാ ആഘോഷ പരിപാടികളുടെയും നടത്തിപ്പ് കേന്ദ്ര നേതൃത്വം ഏറ്റെടുത്തതോടെ അക്കാഫിന്‍റെ പ്രവർത്തനം വലിയ കാൻവാസിലേക്ക് വികസിച്ചു. സാമൂഹികമായും സാംസ്കാരികമായും ജീവകാരുണ്യപരമായും അക്കാഫ് യുഎഇയിലെ പ്രവാസ ജീവിതത്തിന്‍റെ ഭാഗമായി മാറി.

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ളവർ ഇതിൽ അംഗങ്ങളാണ്. മതപരമായും സാംസ്കാരികമായും ഭാഷാപരമായും ഒക്കെ വ്യത്യസ്തതകൾ ഉള്ളവർ. എന്നാൽ, സമസ്ത വൈരുദ്ധ്യങ്ങൾക്കും വൈവിദ്ധ്യങ്ങൾക്കും അപ്പുറം ഐക്യ ഘടകമായി വർത്തിക്കുന്നത് കലാലയ സൗഹൃദങ്ങളുടെ നൈർമല്യവും സഹിഷ്ണുതയും തന്നെയാണെന്ന് ഉറപ്പിച്ച് പറയാം.

അഭിപ്രായവ്യത്യാസങ്ങളിൽ അഭിപ്രായ സമന്വയത്തിനുള്ള ഒരു സാധ്യത എപ്പോഴും എല്ലാവരും തുറന്നിടുന്നു. ആ ഉൾക്കരുത്താണ് പ്രതിസന്ധികളെ നേരിട്ട് മുന്നോട്ട് പോകാൻ അക്കാഫിന് ഊർജം പകരുന്നത്.

പ്രതിസന്ധി - അതിജീവനം - പുതിയ പ്രഭാതം

Paul T Joseph
പോൾ ടി. ജോസഫ്

അക്കാഫിന്‍റെ പിറവി പോലെ അത്ര സുഖകരവും സുഗമവുമായിരുന്നില്ല തുടർവർഷങ്ങളിലെ പ്രവർത്തനങ്ങളെന്ന് അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ് പറയുന്നു.

പ്രവർത്തനങ്ങളുടെ ഗരിമയിലും വൈപുല്യത്തിലും അക്കാഫ് മറ്റ് കൂട്ടായ്മകളെക്കാൾ ബഹുദൂരം മുന്നിൽ നിൽക്കുമ്പോഴാണ് കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത സംഘടനകൾ പ്രവർത്തനം നിർത്തണമെന്ന സർക്കാർ ഉത്തരവ് നിലവിൽ വന്നത്. 2013 ലായിരുന്നു അത്. ബൃഹത്തായ പദ്ധതികളുമായി മുന്നോട്ട് പോകുകയായിരുന്ന അക്കാഫിന് ഇത് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചു.അംഗീകാരത്തിനായി സി ഡി എ യെ സമീപിച്ചപ്പോൾ അപേക്ഷകരുടെ ബാഹുല്യം തിരിച്ചടിയായെന്ന് അക്കാഫ് അംഗങ്ങളുടെ സ്വന്തം പോളേട്ടൻ പറയുന്നു.

ആയിരത്തിഅഞ്ഞൂറോളം അപേക്ഷകളാണ് അതോറിറ്റിക്ക് ലഭിച്ചത്. തുടർച്ചയായി സിഡിഎ ഉദ്യോഗസ്ഥരെ കണ്ട് ചർച്ചകൾ നടത്തിയതിന്‍റെ ഫലമായി സർക്കാരിനോട് ചേർന്ന് നിന്ന് പ്രവർത്തിക്കാനുള്ള അനുവാദം കിട്ടി. ഔദ്യോഗികമായി സംഘടനാ സംവിധാനം ഇല്ലായിരുന്നെങ്കിലും ചിട്ടയായി,ആത്മനിയന്ത്രണത്തോടെ സാമൂഹ്യ സേവനത്തിൽ പങ്കാളിത്തം വഹിക്കാൻ സാധിച്ചത് അധികാരികളെ ആകർഷിച്ചു.

നിസ്വാർത്ഥമായ ഇത്തരം പ്രവർത്തനങ്ങൾ മൂലം അക്കാഫിനെ ഒരു വളണ്ടിയർ സംഘമായി സിഡിഎ അംഗീകരിച്ചു. പൂർണ അംഗീകാരത്തിലേക്കുള്ള ഫലപ്രദമായ ചുവട് വയ്പ്പായിരുന്നു അതെന്ന് പോൾ ജോസഫ് പറയുന്നു. 2017 മുതൽ 2021 വരെയാണ് വളണ്ടിയർ ടീമായി അക്കാഫ് പ്രവർത്തിച്ചത്.

ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന കാലയളവിൽ അക്കാഫ് സന്നദ്ധ ഭടന്മാരുടെ നിസ്വാർഥവും ത്യാഗനിർഭരവുമായ സേവനത്തിന്‍റെ മൂല്യം സർക്കാർ സംവിധാനങ്ങൾ തിരിച്ചറിഞ്ഞതായി അക്കാഫ് പ്രസിഡന്‍റ് അഭിമാനത്തോടെ പറയുന്നു. ദുബായ് എമിറേറ്റിലെ വിവിധ ഭാഗങ്ങളുടെ ശുചീകരണം, ക്വാറൻറ്റൈൻ കേന്ദ്രങ്ങളുടെ പരിപാലനം, വാക്സിനേഷൻ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ മേഖലകളിൽ പോലീസ്, നഗരസഭ, ആർടിഎ, ഡിഎച്ച്എ തുടങ്ങിയ സർക്കാർ വകുപ്പുകളോട് ചേർന്ന് നിന്ന് പ്രവർത്തിച്ചു.

കോവിഡ് കാലത്തിന് ശേഷം നിയമപരമായ പരിശോധനകൾ പൂർത്തിയാക്കി അക്കാഫിന് അംഗീകാരം നൽകാൻ സിഡിഎ തീരുമാനിച്ചു. 2021 ഒക്ടോബർ പത്തിന് സിഡിഎ യുടെ ലൈസൻസ് കൈയിൽ കിട്ടിയ നിമിഷം ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമാണെന്ന് പറയുമ്പോൾ പോൾ ടി. ജോസഫ് വികാരഭരിതനാവുന്നു.

അക്കാഫ് പ്രതിനിധികളായ പോൾ ടി. ജോസഫ്, ദീപു എ.എസ്., വെങ്കിട്ട് മോഹൻ, റഫീഖ്, ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, നൗഷാദ് മുഹമ്മദ്, സാനു മാത്യു എന്നിവരും ഇമറാത്തികളായ ഖാലിദ് അൽ ബലൂഷി, ഷഹീൻ അൽ ബ്ലൂഷി എന്നിവരും ഉൾപ്പെടുന്നതാണ് അക്കാഫ് അസോസിയേഷൻ ഡയറക്ടർ ബോർഡ്.

പ്രവാസഭൂമിയിൽ എത്തിയ ശേഷം നാം എന്തെല്ലാം നേടിയിട്ടുണ്ടോ അതെല്ലാം ഈ രാജ്യം നമുക്ക് നൽകിയതാണെന്ന് പോൾ ടി. ജോസഫ് വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ ഈ സൗഭാഗ്യത്തിന്‍റെ ഒരംശം സമൂഹത്തിന് തിരികെ നൽകാൻ നമുക്ക് കടമയുണ്ടെന്ന മാനവികമായ ഒരു കാഴ്ചപ്പാട് പങ്കുവെക്കുകയാണ് അക്കാഫ് പ്രസിഡന്‍റ്.

തന്‍റെ മുൻഗണനാക്രമം അദ്ദേഹം പങ്കുവയ്ക്കുന്നത് ഇങ്ങനെ 'ആദ്യം സേവനം, പിന്നെ വിനോദം എല്ലാവർക്കും അവസരം.'

വരാനിരിക്കുന്നത് സ്വപ്‍ന സാക്ഷാത്കാരത്തിന്‍റെ നാളുകൾ

Deepu A.S.
ദീപു എ.എസ്.

യുഎഇയിൽ പ്രവർത്തിക്കുന്ന മറ്റ് സംഘടനകളിൽ നിന്ന് അക്കാഫിനെ വേറിട്ട് നിർത്തുന്നത് കൂട്ടായ നേതൃത്വത്തിന്‍റെ കരുത്താണെന്ന് അക്കാഫിന്‍റെ കരുത്തനായ ജനറൽ സെക്രട്ടറി ദീപു എ.എസ്. അക്കാഫിന്‍റെ പൊന്നോണക്കാഴ്ച വൻ വിജയമാക്കുന്നതിന് 30 കമ്മിറ്റികളിലായി വിവിധ കോളേജുകളിലെ 500 പേരാണ് പ്രവർത്തിക്കുന്നത്. ഇത് അക്കാഫിന്‍റെ ആന്തരിക ശക്തിയെ സൂചിപ്പിക്കുന്നതാണ്. ഇവർക്ക് വഴികാട്ടിയായി നടന്നാൽ മാത്രം മതി, എല്ലാം മികച്ചതാവും എന്നതാണ് അനുഭവമെന്നും ദീപു ആത്മവിശ്വാസത്തോടെ പറയുന്നു.

രാജ്യത്തെ നിയമവും സിഡിഎയുടെ മാർഗനിർദേശങ്ങളും അനുസരിച്ച് അക്കാഫിനെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അറബ് ഐക്യ എമിറേറ്റുകളുടെ ഭരണാധികാരികൾ മുന്നോട്ട് വയ്ക്കുന്ന സുസ്ഥിരത, സന്നദ്ധ പ്രവർത്തനം എന്നീ കാഴ്ചപ്പാടുകളിൽ അധിഷ്ഠിതമായി അക്കാഫിന്‍റെ സാമൂഹ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സാധിച്ചുവെന്ന ചാരിതാർഥ്യം ഉണ്ടെന്ന് ദീപു പറയുന്നു.

അക്കാഫ് അസോസിയേഷന്‍റെ ദുബായിലെ അസ്തിത്വം ഉറപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് വരും വർഷങ്ങളിൽ നടത്താൻ പോകുന്നതെന്നും ദീപു. സ്വന്തമായി ഒരു ആസ്ഥാന മന്ദിരം സ്വന്തമായി ഒരു സ്കൂൾ ഈ സ്വപ്നങ്ങൾ സഫലമാക്കാനുള്ള കഠിന പരിശ്രമത്തിലാണിപ്പോൾ. കെട്ടിടം നിർമിക്കാൻ സർക്കാർ സ്ഥലം നൽകുമെന്നാണ് പ്രതീക്ഷയെന്നും ദീപു പറഞ്ഞു.

കൂടുതൽ അംഗങ്ങളെ ചേർത്ത് അക്കാഫ് വിപുലീകരിക്കുന്നതിനെക്കാൾ, നിലവിലുള്ള അംഗങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നതിലാണ് ശ്രദ്ധ. അംഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് കുടുംബാംഗങ്ങൾക്ക് ഉല്ലാസ കേന്ദ്രങ്ങൾ എന്നിവ ഉടൻ തന്നെ നടപ്പാവുമെന്നും ദീപു അറിയിച്ചു.

സുതാര്യത അക്കാഫിന്‍റെ മുഖമുദ്ര

Naushad Muhammad
നൗഷാദ് മുഹമ്മദ്

വിശ്വാസ്യത, സത്യസന്ധത എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമാണ് അക്കാഫ് അസോസിയേഷന്‍റെ സാമ്പത്തിക പ്രവർത്തനങ്ങൾ എന്ന് അക്കാഫ് ഖജാൻജി നൗഷാദ് മുഹമ്മദ് പറയുന്നു. ഈ സംഘടന കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് അതോറിറ്റിയുടെ നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്നത് കൊണ്ട് അതീവ ജാഗ്രതയോടെയാണ്‌ ഈ ചുമതല നിർവഹിക്കുന്നത്.

മെമ്പർഷിപ്പ് തുകയും സ്പോൺസർഷിപ്പ് മുഖേന ലഭിക്കുന്ന തുകയും കൃത്യമായി രേഖപ്പെടുത്തുകയും ഒരു സ്വതന്ത്ര ഓഡിറ്റ് സ്ഥാപനത്തെക്കൊണ്ട് വാർഷിക ഓഡിറ്റ് നടത്തുകയും ചെയ്യുന്നു. ഈ ഓഡിറ്റ് റിപ്പോർട്ട് സിഡിഎയുടെ പരിശോധനക്കായി എല്ലാ വർഷവും സമർപ്പിച്ചാൽ മാത്രമേ അസോസിയേഷന്‍റെ അംഗത്വം പുതുക്കി നൽകുകയുള്ളൂ എന്ന് നൗഷാദ് മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു.

അസോസിയേഷന്‍റെ എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യമായി ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമേ നടത്താൻ പാടുള്ളൂ എന്ന നിഷ്കർഷ പുലർത്താറുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

അക്കാഫ് അസോസിയേഷൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സംരംഭങ്ങൾക്കും യുഎഇയിലെ വ്യവസായികൾ അകമഴിഞ്ഞ സഹായങ്ങൾ നൽകാറുണ്ടെന്ന് നൗഷാദ് മുഹമ്മദ് പറഞ്ഞു.

ഈ സംഘടനയുടെ നിലനിൽപ്പിന് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ കൃത്യതയോടെ ലഭ്യമാക്കാൻ അക്കാഫിന്‍റെ എല്ലാ ബോർഡ് അംഗങ്ങളും സൂക്ഷ്മമായ ജാഗ്രത പുലർത്തുന്നുണ്ട് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും. അത്തരം കൂട്ടായ പ്രവർത്തനമാണ് അക്കാഫിനെ സമ്പന്നമാക്കുന്നത് എന്ന് ട്രഷറർ നൗഷാദ് മുഹമ്മദ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.