കൊച്ചു കേരളമായി ദുബായ്; വിസ്മയമായി അക്കാഫ് പൊന്നോണക്കാഴ്ച

തിരുവോണദിനത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിനെ ഒരു കൊച്ചു കേരളമാക്കി അക്കാഫ് അസോസിയേഷന്‍റെ പൊന്നോണക്കാഴ്ച 2024
തിരുവോണദിനത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിനെ ഒരു കൊച്ചു കേരളമാക്കി അക്കാഫ് അസോസിയേഷന്‍റെ പൊന്നോണക്കാഴ്ച AKCAF Association Ponnonakazhcha 2024 grant success
കൊച്ചു കേരളമായി ദുബായ്; അക്കാഫ് പൊന്നോണക്കാഴ്ച വിസ്മയമായി
Updated on

റോയ് റാഫേൽ

ദുബായ്: തിരുവോണദിനത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിനെ ഒരു കൊച്ചു കേരളമാക്കി നിഷ്ക ജ്വല്ലറി അവതരിപ്പിച്ച അക്കാഫ് അസോസിയേഷന്‍റെ 'വെസ്റ്റ്‌ സോൺ പൊന്നോണക്കാഴ്ച 2024' അരങ്ങേറി. രാവിലെ മുതൽ കേരളത്തിലെ പതിനാലു ജില്ലകളിലെയും 84 കോളേജുകളെ പ്രതിനിധാനം ചെയ്തു കൊണ്ട് പതിനായിരങ്ങളാണ് ട്രേഡ് സെന്‍ററിലേക്ക് ഒഴുകിയെത്തിയത്.

പുരുഷകേസരി, മലയാളിമങ്ക, സിനിമാറ്റിക് ഡാൻസ്, അത്തപ്പൂക്കളം, പായസം മത്സരം, ഘോഷയാത്ര, നാടൻ പാട്ട്, പെയിന്‍റിങ്, പെൻസിൽ ഡ്രോയിങ്, നാടൻ കായിക മത്സരങ്ങൾ എന്നിവയിൽ ആവേശത്തോടെയാണ് വിവിധ കോളജുകളെ പ്രതിനിധീകരിച്ചുകൊണ്ട് മത്സരാർത്ഥികൾ പങ്കെടുത്തത്.

രാവിലെ അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ് നിലവിളക്ക് കൊളുത്തി പൊന്നോണകാഴ്ചയ്ക്ക് തുടക്കം കുറിച്ചു. ആനയും പഞ്ചവാദ്യവും പുലികളിയും ചെണ്ടമേളവും മലയാളി മങ്കമാരുടെ തിരുവാതിരയും സിനിമാറ്റിക് ഡാൻസും നാടൻപാട്ടും പുരുഷ കേസരി - മലയാളി മങ്ക മത്സരങ്ങളും ആഘോഷത്തിന് മാറ്റ് കൂട്ടി.

മലയാളി മങ്ക മത്സരത്തിൽ പങ്കെടുത്തവർക്ക് മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു. പ്രൗഢ ഗംഭീരമായ ട്രേഡ് സെന്‍ററിലെ മത്സരവേദി. റാംപിൽ ചുവട് വയ്ക്കാൻ പ്രാഥമിക ഘട്ടത്തിൽ നിന്നും ഫൈനൽ റൗണ്ടിലെത്തിയ 10 മത്സരാർത്ഥികൾ ഉണ്ടായിരുന്നു. മലയാളി മങ്ക മത്സരത്തിന്‍റെത് പോലെ വീറും വാശിയും നിറഞ്ഞതായിരുന്നു പുരുഷ കേസരി മത്സരവും.

സിനിമാറ്റിക് ഡാൻസ് മത്സരം നടന്നപ്പോൾ സർവ്വകലാശാല കലോത്സവത്തിലെ വീറും വാശിയും പ്രകടമായി. എല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം. നൃത്തച്ചുവടുകളുമായി മത്സരാർത്ഥികൾ കണ്ടു നിന്നവർക്ക് നവ്യാനുഭൂതി സൃഷ്ടിച്ചു.

നൂറ്റമ്പതോളം കുട്ടികൾ ഒഴുകിയെത്തിയ പെയിന്‍റിംഗ് ആൻഡ് ഡ്രോയിങ് മത്സരത്തിൽ കുഞ്ഞിക്കൂട്ടത്തിന്‍റെ വർണ്ണഭാവനകൾ നിറഞ്ഞു നിന്നു. രുചിവൈവിധ്യം കൊണ്ട് ശ്രദ്ധേയമായ പായസമത്സരത്തിൽ അനേകം മത്സരാർത്ഥികൾ അവരുടെ രഹസ്യപാചകക്കൂട്ടുകളുമായെത്തി. വീറും വാശിയും പ്രകടമായ പൂക്കളമത്സരത്തിൽ ഒന്നിനൊന്നു മെച്ചമായ മനോഹരമായ പൂക്കളങ്ങൾ നിരന്നപ്പോൾ പൂക്കൾ കൊണ്ടുള്ള ചിത്രങ്ങൾക്കുള്ള ഒരു ക്യാൻവാസായി വേൾഡ് ട്രേഡ് സെന്‍റർ മാറി.

വാരാന്ത്യ അവധി ദിനവും നബി ദിനത്തിന്‍റെ പൊതു അവധിയും തിരുവോണദിനവും ഒരുമിച്ച് വന്നതിനാൽ മലയാളികൾ ഒന്നടങ്കം വേൾഡ് ട്രേഡ് സെന്‍ററിലേക്ക് ഒഴുകിയെത്തി. ഏകദേശം ഏഴായിരത്തിലധികം പേരാണ് മുപ്പതോളം വിഭവങ്ങളുമായി തൂശനിലയിൽ വിളമ്പിയ ഓണസദ്യ കഴിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ ഓണസദ്യ വൈകുന്നേരം നാല് മണിവരെ തുടർന്നു. സദ്യക്കായി കാത്തുനിന്ന എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടാണ് ഓണസദ്യ കമ്മിറ്റി അംഗങ്ങൾ ഹാളിൽ നിന്നും ഇറങ്ങിയത്.

പിന്നീട് നടന്ന കോളേജുകളുടെ ഘോഷയാത്ര മത്സരത്തിൽ എൺപത്തിനാല് കോളജുകളാണ് മത്സരിച്ചത്. ഒന്നിനൊന്ന് മികച്ച, വിധികർത്താക്കളെപോലും കുഴപ്പിച്ചുകൊണ്ടുള്ള കോളജുകളുടെ പ്രകടനം ട്രേഡ് സെന്‍ററിനെ പ്രകമ്പനം കൊള്ളിച്ചു. പോയകാലങ്ങളിലെ ക്യാമ്പസ്സുകളുടെ പരിച്ഛേദമായ ഘോഷയാത്രയിൽ കൊമ്പും, കുഴൽവിളികളും, യഥാർത്ഥ ആനയുടെ വലിപ്പത്തിലുള്ള റോബോട്ടിക് ആനകളുമായാണ് പല കോളജുകളും ഘോഷയാത്രയിൽ അണിനിരന്നത്. മണ്മറഞ്ഞു പോയ കേരളത്തിലെ മഹദ്‌വ്യക്തികളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്മരണയ്ക്കായി അവരുടെ ഛായാചിത്രവും ഘോഷയാത്രയിൽ കടന്നുവന്നപ്പോൾ അതൊരു അനുസ്മരണമായി മാറി. കൂടെ മഹാബലിമാരും പ്രൗഡിയോടെ നടന്നു വന്നപ്പോൾ ശരിക്കും ട്രേഡ്‌സെന്‍റർ സബീൽ ഹാൾ ഒരു കൊച്ചു കേരളമായി മാറി.

നാടൻ കലാരൂപങ്ങളും, മോഹിനിയാട്ടവും, നൃത്ത ശില്പങ്ങളും, താള മേളങ്ങളും, പഞ്ചവാദ്യവും, ചെണ്ടമേളവും, ഒപ്പനയും, മാർഗ്ഗം കളിയും, തെയ്യവും, തിറയും തുടങ്ങി കേരളത്തിനു മാത്രം സ്വന്തമായുള്ള നിരവധി തനതു കലാരൂപങ്ങൾ ഘോഷയാത്രയുടെ ഭാഗമായപ്പോൾ കണ്ടു നിന്നവർക്ക് പൂരപ്പറമ്പിലെത്തിയ അനുഭൂതി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കോളേജുകൾ അണിനിരന്നപ്പോൾ കേരളത്തിന്‍റെ സാംസ്‌കാരിക പരിച്ഛേദമായി മാറി ഘോഷയാത്ര മത്സരം. മലബാറിന്‍റെയും , വള്ളുവനാടിന്‍റെയും, മധ്യ തിരുവിതാംകൂറിന്‍റെയും, തിരുവിതാംകൂറിന്‍റെയും സാംസ്‌കാരിക തനിമകൾ വിളിച്ചോതിയ ഘോഷയാത്ര ദുബായ് ട്രേഡ് സെന്‍റർ ഇതുവരെ ദർശിച്ചിട്ടില്ലാത്ത വിധത്തിലായിരുന്നു കടന്നു പോയത്.

കേരളത്തിന്‍റെ തനതുകളികൾ വേദിയുടെ മറ്റൊരു വശത്ത് അരങ്ങേറിയപ്പോൾ ആയിരങ്ങളാണ് അതിൽ പങ്കെടുക്കാനെത്തിയത്. ഓണക്കാലത്തെ നാടൻ കളികളായ ഉറിയടിയും പഞ്ചപിടിയും തലയിണയടിയും പഞ്ചപിടിയും എല്ലാം മനോഹരമായി പുനരവതരിപ്പിച്ചു. പതിനഞ്ചു മീറ്ററോളം നീളമുള്ള ഭീമൻ ഓണ ഊഞ്ഞാലിൽ ആടുവാനായി നീണ്ട നിര തന്നെ ഉണ്ടായിരുന്നു.

രൂപീകരണത്തിന്‍റെ 26 വർഷം പൂർത്തിയാക്കുന്ന അക്കാഫിന്‍റെ ഈ വർഷത്തെ ഓണാഘോഷത്തോടനുബനുബന്ധിച്ച്‌ സംഘടിപ്പിച്ച മാതൃവന്ദനത്തിൽ പങ്കെടുക്കുവാൻ ദുബായിലെത്തിയ 26 അമ്മമാരെ ചടങ്ങിൽ ആദരിച്ചു. മന്നത്ത് ഗ്രൂപ്പിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച മാതൃവന്ദനത്തിൽ വിവിധ കോളജ് അലുംനികളും സഹകരിച്ചു. ദുബായിൽ താരതമ്യേന കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന പ്രവാസികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ, ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നമാണ് അക്കാഫിന്‍റെ പൊന്നോണകാഴ്ചയുടെ ഭാഗമായുള്ള മാതൃവന്ദനത്തിൽ സാക്ഷാൽക്കരിച്ചത്. നെതർലാന്‍റ്സിലെ മുൻ ഇന്ത്യൻ അംബാസിഡറും, ദുബായിലെ മുൻ ഇന്ത്യൻ കോൺസുൽ ജനറലുമായ ഡോ വേണു രാജാമണി മാതൃവന്ദനത്തിന്‍റെ സന്ദേശം നൽകി.

വൈകുന്നേരത്തെ സാംസ്‌കാരിക സമ്മേളനത്തിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുൽ സതീഷ് കുമാർ ശിവൻ പൊന്നോണകാഴ്ച ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി ഡി എ സീനിയർ എക്സിക്യൂട്ടീവ് അഹ്‌മദ്‌ അൽ സാബി , അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ദീപു എ എസ്‌ , ട്രഷറർ നൗഷാദ് മുഹമ്മദ്, വൈസ് പ്രസിഡന്‍റ് വെങ്കിട് മോഹൻ , ഡയറക്ടർ ബോർഡ് മെമ്പർമാരായ ഖാലിദ് നവാബ് ദാദ് കോഡാ, ഷഹീൻ ദാഹി ഷാംമ്പി ജഹീ അൽ ബലൂഷി, മുഹമ്മദ് റഫീഖ്, മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷൈൻ ചന്ദ്രസേനൻ, സാനു മാത്യു, ജോയിന്‍റ് ജനറൽ കൺവീനർമാരായ ഡോ: ജയശ്രീ, എ വി ചന്ദ്രൻ, അഡ്വ. സഞ്ജു കൃഷ്ണൻ, ഫെബിൻ ജോൺ, മൻസൂർ സി പി എന്നിവർ ഉദ്‌ഘാടന ചടങ്ങിൽസംബന്ധിച്ചു. പൊന്നോണകാഴ്ച 2024 -നോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക ശ്രീ വേണു രാജാമണി പ്രകാശനം ചെയ്തു.

ഏകദേശം പതിനായിരത്തിലധികം പേരാണ് പൊന്നോണകാഴ്‌ച നേരിൽ കണ്ടാസ്വദിക്കാൻ സബീൽ ഹാളിലേക്ക് ഒഴുകിയെത്തിയത്. വൈകിട്ട് സച്ചിൻ വാര്യർ, ആര്യ ദയാൽ എന്നിവരുടെ നേതൃത്വത്തിലുളള സംഗീതനിശ പൊന്നോണകാഴ്ചയ്ക്ക് മാറ്റുകൂട്ടി.

Trending

No stories found.

Latest News

No stories found.