ബ്ലൂ കാർഡ്: യൂറോപ്യൻ കുടിയേറ്റത്തിലെ നീലവെളിച്ചം

ജര്‍മനിയും ഓസ്ട്രിയയും പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറി ബ്ലൂ കാര്‍ഡ് എടുക്കാനുള്ള മാര്‍ഗങ്ങളെന്താണെന്നു നോക്കാം
ബ്ലൂ കാർഡ്: യൂറോപ്യൻ കുടിയേറ്റത്തിലെ നീലവെളിച്ചം
Image by Freepik
Updated on

പ്രത്യേക ലേഖകൻ

വിദേശ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് യൂറോപ്യന്‍ യൂണിയനിലേക്ക് കുടിയേറാനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് ഇയു ബ്ലൂ കാര്‍ഡ്. ജര്‍മനിയും ഓസ്ട്രിയയും പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറി ബ്ലൂ കാര്‍ഡ് എടുക്കാനുള്ള മാര്‍ഗങ്ങളെന്താണെന്നു നോക്കാം.

തൊഴില്‍ വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു വര്‍ഷം നാലു ലക്ഷം തൊഴിലാളികളെയാണ് ജര്‍മനി അന്വേഷിക്കുന്നത്. ഓസ്ട്രിയയിലാകട്ടെ ഒരു ലക്ഷം ഒഴിവുകളും നികത്താനാവാതെ വിദേശികളെ കാത്തുകിടക്കുന്നു.

എന്നാല്‍, നേരിട്ട് ബ്ലൂ കാര്‍ഡ് എടുത്ത് കുടിയേറ്റം നടത്താന്‍ സാധിക്കില്ല. ജര്‍മനിയിലെത്താന്‍ ആദ്യം വിസ തന്നെ വേണം. അതിനിപ്പോള്‍ തൊഴിലന്വേഷകര്‍ക്കു പ്രത്യേകമായുള്ള ജോബ്‌സീക്കര്‍ വിസ അടക്കമുള്ള കാറ്റഗറികള്‍ ലഭ്യമാണ്. യൂറോപ്യന്‍ യൂണിയന്‍ യൂറോപ്യന്‍ ഫ്രീ ട്രേഡ് ഏരിയ എന്നിവിടങ്ങളില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ പൗരന്‍മാരോ, യുഎസ്എ, ക്യാനഡ, ജപ്പാന്‍, യുകെ തുടങ്ങിയ രാജ്യക്കാരോ ഒഴികെ എല്ലാ വിദേശികള്‍ക്ക് ഇതു തന്നെയാണ് നടപടിക്രമം.

രാജ്യത്തെത്തിയ ശേഷമാണ് ലോക്കല്‍ ഇമിഗ്രേഷന്‍ ഓഫീസില്‍ അപ്പോയിന്‍റ്‌മെന്‍റെടുത്ത് ബ്ലൂ കാര്‍ഡിന് അപേക്ഷിക്കുക. ജോലിയുമായി ബന്ധമുള്ള സര്‍വകലാശാലാ ബിരുദം, വര്‍ഷം 56,400 യൂറോ വരുമാനമുള്ള ജോലി എന്നിവയാണ് ബ്ലൂ കാര്‍ഡിനുള്ള പ്രധാന യോഗ്യതകള്‍. എന്നാല്‍, രാജ്യത്ത് ജീവനക്കാരെ കിട്ടാന്‍ ബുദ്ധിമുട്ടുള്ള മേഖലയിലെ ജോലിയാണെങ്കില്‍ വരുമാന പരിധി 43,992 യൂറോ മതി. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഐടി വിദഗ്ധര്‍, മാത്തമാറ്റീഷ്യന്‍സ്, നാച്ചുറല്‍ സയന്‍റിസ്റ്റ്‌സ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇനി, ജോബ് സീക്കര്‍ വിസ ലഭിക്കണമെങ്കിലും ജര്‍മന്‍ ഭാഷാ പരിജ്ഞാനം തെളിയിക്കണം. സാധാരണഗതിയില്‍ ബി1 ലെവല്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ആവശ്യപ്പെടുക. ജോലി കിട്ടുന്നതു വരെ രാജ്യത്ത് കഴിയാനുള്ള സാമ്പത്തികശേഷിയും തെളിയിക്കണം.

അതേസമയം, ഓസ്ട്രിയയില്‍ കാര്യങ്ങള്‍ താരതമ്യേന കുറച്ചുകൂടി എളുപ്പമാണ്. വിദേശ രാജ്യങ്ങളിലുള്ള ഓസ്ട്രിയന്‍ മിഷനുകള്‍ വഴി അപേക്ഷ നല്‍കാം എന്നതാണ് ഒരു സൗകര്യം. ജോബ് ഓഫറിലുള്ള വരുമാനം പ്രതിവര്‍ഷം 45,595 യൂറോയെങ്കിലും ഉണ്ടാകണം. ജോലിയുമായി ബന്ധമുള്ള യൂണിവേഴ്‌സിറ്റി ബിരുദം ഇവിടെയും നിര്‍ബന്ധമാണ്. ഐടി മേഖലയിലാണ് അപേക്ഷിക്കുന്നതെങ്കില്‍, കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

Trending

No stories found.

Latest News

No stories found.